സുൽത്താൻ ബത്തേരി: കേരള സർക്കാർ സംരംഭമായ കേരള ചിക്കൻ പദ്ധതി പ്രകാരമുള്ള ഇറച്ചിക്കോഴി വളർത്തൽ ഫാമുകൾ സുഭിക്ഷകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി മലബാർ മേഖലയിൽ വ്യാപകമാക്കുന്നു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലായി കർഷകർക്ക് ഇരട്ടി വരുമാനം ഉറപ്പുവരുത്തുന്ന 200 വ്യാവസായിക ഇറച്ചികോഴി വളർത്തൽ ഫാമുകൾ അടുത്ത മൂന്നു മാസത്തിനുള്ളിൽ ആരംഭിക്കും.
സ്വകാര്യ ഏജൻസികൾ ഒരു കിലോഗ്രാമിന് വളർത്തുകൂലിയായി 6 രൂപ നൽകുമ്പോൾ 8 രൂപമുതൽ 11 രൂപ വരെ ബ്രഹ്മഗിരി കർഷകർക്ക് നൽകും. ഒറ്റത്തവണ വിത്തുധനമായി ഒരു കോഴിക്കുഞ്ഞിന് 130 രൂപ അടച്ച് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. 2500 കോഴി വളർത്തുന്ന ഒരു കർഷകന് 40 ദിവസമുള്ള ഒരു ബാച്ചിൽ നിന്നു 65000 രൂപ വരുമാനം ലഭിക്കും.
ജില്ല ഭരണകൂടം, ത്രിതല പഞ്ചായത്ത് കമ്മറ്റികൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് ഫാമുകൾ വിപുലപ്പെടുത്തുക.
ഈ വർഷം മലബാർ മേഖലയിൽ മാത്രം 100 കേരള ചിക്കൻ ഔട്‌ലെറ്റുകൾ സ്ഥാപിക്കും. നിലവിൽ 160 രൂപ വരെ പൊതുമാർക്കറ്റിൽ ഉള്ളപ്പോൾ കേരള ചിക്കന്റെ ഔട്‌ലെറ്റുകളിൽ 106 രൂപയ്ക്കാണ് വില്പന നടത്തുന്നത്.
സ്വന്തമായി കോഴിക്കുഞ്ഞ്, കോഴിത്തീറ്റ എന്നിവയുടെ ഉത്പാദനത്തിലൂടെ ഇടത്തട്ടുകാരുടെ ചൂഷണത്തിൽ നിന്ന് പൗൾട്രി കർഷകരെ സംരക്ഷിക്കാനാണ് കേരള ചിക്കൻ പദ്ധതി ലക്ഷ്യമിടുന്നത്.
ആദ്യപടി സ്വന്തമായി ഫാമുകളുള്ള കർഷകരെയായിരിക്കും പരിഗണിക്കുക. രണ്ടാം ഘട്ടത്തിലാണ് പുതുതായി ഫാം നിർമ്മിച്ച് പദ്ധതിയിലേക്ക് വരാൻ താത്പര്യമുള്ളവരെ പരിഗണിക്കുക.