വടകര: കൈ കഴുകി കരുതലാവാൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ അഴിയൂർ ഗ്രാമപഞ്ചായത്തിൽ സാനിറ്റൈസർ നിർമ്മിക്കുന്നു. ഇതിനായി 18 കുടുംബശ്രീ പ്രവർത്തകർക്ക് ശുചിത്വ മിഷൻ പരിശീലനം നൽകി. മാഹി വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റ് അബുദാബിയുടെ സാമ്പത്തിക സഹായത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. പരിശീലനത്തിന് ആവശ്യമായ സാധന സാമഗ്രികൾ അബുദാബി കമ്മിറ്റി നൽകി. ആദ്യം ഉത്പ്പാദിപ്പിക്കുന്ന സാനിറ്റൈസർ സൗജന്യമായി കുടുംബശ്രീ ഗ്രൂപ്പുകൾക്ക് നൽകും. പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയൻ പരിശീലനം ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷകളായ ഉഷ ചാത്താംങ്കണ്ടി ,ജസ്മിന കല്ലേരി, പഞ്ചായത്ത് മെമ്പർ പി.പി. ശ്രീധരൻ, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽഹമീദ്, മാഹി വെൽഫയർ ചാരിറ്റബിൾ ട്രസ്റ്റ് അബുദാബി പ്രതിനിധി സലിം നാലകത്ത്, ശുചിത്വമിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ ടി.നാസർ ബാബു, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ എന്നിവർ പ്രസംഗിച്ചു. രണ്ട് സംരംഭ ഗ്രൂപ്പുകൾ രൂപീകരിച്ചാണ് സാനിറ്റൈസർ ഉത്പ്പാദിപ്പിക്കുക.