പുൽപ്പള്ളി: വനപാതകളിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കാനെന്ന പേരിൽ വരമ്പുകൾ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നു. വയനാട് വന്യജീവി സങ്കേതത്തിനുള്ളിലൂടെയും മറ്റും കടന്നുപോകുന്ന റോഡുകളിലൂടെയാണ് വരമ്പുകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നത്. ഇക്കാര്യത്തേക്കുറിച്ച് ജനപ്രതിനിധികൾ അടക്കമുള്ളവർക്ക് യാതൊരു അറിവുമില്ല.
പുൽപ്പള്ളി - ബത്തേരി റോഡിലും മുത്തങ്ങ മുതൽ സംസ്ഥാന അതിർത്തിവരെയും, മാനന്തവാടി - കാട്ടിക്കുളം-ബാവലി റോഡിലും, കാട്ടിക്കുളം - കുട്ട റോഡിലുമെല്ലാം വേഗത നിയന്ത്രണത്തിന് സംവിധാനം ഒരുക്കാനുമാണ് നിർദ്ദേശം. 30 കിലോമീറ്ററിലധികം സ്പീഡിൽ വാഹനമോടിക്കരുതെന്നും വന്യജീവികളുടെ സുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു നീക്കമെന്നും അധികൃതർ സൂചന നൽകുന്നു.

വേഗനിയന്ത്രണം ഏർപ്പെടുത്തിയാൽ ബസ്സുകളുടെ സമയക്രമം തെറ്റുമെന്നും രോഗികൾ അടക്കമുള്ളവർക്ക് ബുദ്ധിമുട്ടാകുമെന്നും ഉറപ്പാണ്. വനപാതകളിൽ ക്യാമറകൾ സ്ഥാപിച്ചാൽ വേഗ നിയന്ത്രണം ഏർപ്പെടുത്താൻ കഴിയുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.

ജനപ്രതിനിധികൾ അറിയാതെയാണ് ഇത്തരമൊരു തീരുമാനമെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു. പറഞ്ഞു. ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ ജനകീയ കൂട്ടായ്മകൾ രൂപപ്പെടുത്തണമെന്ന് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് പറഞ്ഞു.