പുൽപ്പള്ളി: മണ്ണില്ലാതെയും കൃഷി ചെയ്യാമെന്ന് തെളിയിക്കുകയാണ് പുൽപ്പള്ളി കേളക്കവലയിലെ ചെറുതോട്ടിൽ വർഗ്ഗീസ് എന്ന കർഷകൻ. കാർഷികമേഖലയിൽ നൂതന പരീക്ഷണങ്ങൾ നടത്തി ശ്രദ്ധേയനായ കർഷകനാണ് ഇദ്ദേഹം.
വർഗ്ഗീസിന്റെ വീട്ടുമുറ്റത്ത് മണ്ണിടാതെ നനച്ചുവളർത്തിയ മുളകും പയറും പാവലും അടക്കമുള്ള പച്ചക്കറി ഇനങ്ങൾ തഴച്ചുവളരുകയാണ്. ഗ്രോബാഗുകളിൽ കരിയിലയും ചാണകപ്പൊടിയും ഉപയോഗപ്പെടുത്തിയാണ് കൃഷി നടത്തുന്നത്. മണ്ണ് തീരെ ഉപയോഗിക്കുന്നില്ല. നൂറോളം കൂടകളിലാണ് വിവിധങ്ങളായ പച്ചക്കറി ഇനങ്ങൾ കൃഷി ചെയ്തിരിക്കുന്നത്.
നട്ട് ഒരു മാസം മുമ്പ് പിന്നിടുമ്പോൾ മണ്ണിൽ നട്ടതിനേക്കാൾ ഈ പച്ചക്കറി ചെടികളെല്ലാം വളരുകയാണ്. കഴിഞ്ഞ വർഷം പൈപ്പുകൾക്കുള്ളിൽ മണ്ണ് നിറച്ച് അതിനുള്ളിൽ കാരറ്റ് കൃഷിയും കൂർക്കയുമടക്കം വിജയകരമായി കൃഷിചെയ്ത കർഷകനാണ് ഇദ്ദേഹം.
അടുക്കളയിൽ നിന്നും പുറംതള്ളുന്ന വെള്ളം കൃഷിക്കും മറ്റും ഉപയോഗപ്പെടുത്തും. ജൈവരീതിയിലാണ് കൃഷികളെല്ലാം. വാനില, പാഷൻഫ്രൂട്ട്, പപ്പായ തുടങ്ങിയവയും വ്യത്യസ്തമായ രീതിയിൽ ഇദ്ദേഹത്തിന്റെ കൃഷിയിടത്തിൽ വളർത്തുന്നുണ്ട്.