കോഴിക്കോട്: ജില്ലയിൽ നാലു പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. നാലു പേരും വിദേശത്ത് നിന്ന് എത്തിയവരാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.ജയശ്രീ അറിയിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 137 ആയി.
ഇന്നലെ നാലു പേർ രോഗമുക്തരുമായി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 59 ആയി.
രോഗം സ്ഥിരീകരിച്ച ചാലിയം സ്വദേശി (23) ജൂൺ അഞ്ചിന് അബുദാബിയിൽ നിന്ന് ദുബായി വഴി കൊച്ചിയിലെത്തി. തുടർന്ന് സർക്കാർ വാഹനത്തിൽ ഫറോക്ക് കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. പത്തിന് നടത്തിയ സ്രവപരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. കൊയിലാണ്ടി കടലൂർ സ്വദേശി (50) ജൂൺ 11നാണ് കുവൈറ്റിൽ നിന്ന് കരിപ്പൂരിലെത്തിയത്. രോഗ ലക്ഷണങ്ങളുള്ളതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സ്രവപരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു.
മേയ് 19ന് സൗദിയിൽ നിന്ന് കരിപ്പൂരിലെത്തിയ ചാത്തമംഗലം മലയമ്മ സ്വദേശി (49) കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ജൂൺ എട്ടിന് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. സ്രവപരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ജൂൺ രണ്ടിന് അബുദാബിയിൽ നിന്നു കരിപ്പൂരിലെത്തിയ നാദാപുരം കുമ്മങ്കോട് സ്വദേശി (35) സർക്കാർ വാഹനത്തിൽ താമരശ്ശേരിയിലെ കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. ജൂൺ 10ന് നടത്തിയ സ്രവപരിശോധനയിൽ പോസിറ്റീവായതോടെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.
കണ്ണൂരിൽ ചികിത്സയിലായിരുന്ന വടകര സ്വദേശി (39), ചാലപ്പുറം സ്വദേശി (42), കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്ന മാവൂർ സ്വദേശി (അഞ്ച്), നരിപ്പറ്റ സ്വദേശിനി (30) എന്നിവരാണ് ഇന്നലെ രോഗമുക്തരായത്.
കൊവിഡ് വിവരങ്ങൾ ഇങ്ങനെ
ഇപ്പോൾ ചികിത്സയിലുള്ളവർ - 79
കോഴിക്കോട് മെഡി.കോളേജിൽ - 15
ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ - 60
കണ്ണൂർ, എറണാകുളം, മഞ്ചേരി, കോഴിക്കോട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ - 4
കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലുള്ള മലപ്പുറം, വയനാട്, കണ്ണൂർ സ്വദേശികൾ - 3
കോഴിക്കോട് മെഡിക്കൽ കോളേജിൽ കണ്ണൂർ സ്വദേശി ചികിത്സയിൽ
ഇന്നലെ പരിശോധനയ്‌ക്ക് അയച്ച സ്രവ സാമ്പിൾ - 316
ആകെ അയച്ച സാമ്പിൾ - 8174
ഫലം നെഗറ്റീവായത് - 7847
ഫലം ലഭിക്കാനുള്ളത് - 162