കൽപ്പറ്റ: ജില്ലയിലെ 500 ഓളം ഭൂരഹിത ആദിവാസി കുടുംബങ്ങൾക്ക് നൽകാൻ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും അത് രണ്ട് മാസത്തിനകം വിതരണം ചെയ്യുമെന്നും ജില്ലയിലെ ആദിവാസി ഭൂമി പ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ സി.കെ.ശശീന്ദ്രൻ എം.എൽ.എ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചത്.
2010 ലെ സുപ്രീം കോടതി വിധി പ്രകാരം വയനാട് ജില്ലയിൽ 7433 ഏക്കർ നിക്ഷിപ്ത വനഭൂമിയാണ് വിതരണം ചെയ്യാൻ അനുമതി ലഭിച്ചിരുന്നു. എന്നാൽ 1976ൽ ആദിവാസികളുടെ പുനരധിവാസത്തിനായി വയനാട്ടിൽ ആരംഭിച്ച സുഗന്ധഗിരി കാർഡമം പ്രൊജക്ടിനും പൂക്കോട് ഡയറി പ്രൊജക്ടിനും വേണ്ടി അനുവദിച്ച 3589 ഏക്കർ ഭൂമി കൂടി ഉൾപ്പെടുത്തിയാണ് 2010 ലെ സുപ്രീം കോടതി വിധിപ്രകാരമുള്ള ഭൂമിയുടെ കണക്ക് നൽകിയിരുന്നത്.
ഈ ഭൂമിക്ക് പകരം ഭൂമി കണ്ടെത്തുന്നതിനും ഇതിനകം കണ്ടെത്തിയ ഭൂമിയിൽ വാസയോഗ്യമല്ലാത്ത ഭൂമിക്ക് പകരം ഭൂമി കണ്ടെത്തുന്നതിനും സർവേ നടത്താൻ വനം റവന്യു ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി രൂപീകരിച്ച ടാസ്‌ക് ഫോഴ്സിന് നിർദ്ദേശം നൽകി. ഇത്തരത്തിൽ കണ്ടെത്തുന്ന ഭൂമി കൂടി ഉൾപ്പെടുത്തി കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
ആദിവാസി ഭൂമി വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവലോകനം ചെയ്യുന്നതിനായി പട്ടികവർഗ്ഗ, വനം, റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരുടെ യോഗം ചേരും. അടുത്ത അവലോകനയോഗം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ആഗസ്റ്റ് മാസം ചേരും.
യോഗത്തിൽ മന്ത്രിമാരായ എ.കെ.ബാലൻ, കെ.രാജു, ഇ.ചന്ദ്രശേഖരൻ, സി.കെ.ശശീന്ദ്രൻ എം.എൽ.എ, വനം, റവന്യു, പട്ടികവർഗ്ഗ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.