gouri
ഫുഡ് ഫോർ ഹംഗ്രിയുടെ സാമ്പത്തിക സഹായം ഗൗരിയ്ക്ക് പ്രാണിക് ഹീലർ കെ.ശിവദാസൻ കൈമാറുന്നു

താമരശ്ശേരി: ജീവിതയാത്രയിൽ ഒറ്റപ്പെട്ടു പോയ ഈർപ്പോണ കരിയാത്തംകുന്നിലെ നെരോമ്പാറമ്മൽ ഗൗരിയ്ക്ക് കയറിക്കിടക്കാൻ ഒറ്റമുറി വീടായി. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രാണിക് ഹീലിംഗ് ഫുഡ് ഫോർ ഹംഗ്രി ഫൗണ്ടേഷനാണ് താൽക്കാലിക ഷെഡ് നിർമ്മിച്ചു നൽകിയത്.

വർഷങ്ങൾക്കു മുമ്പ് ഭർത്താവ് പേർപിരിഞ്ഞു പോയതോടെ വീട്ടുജോലി ചെയ്തായിരുന്നു ഗൗരിയുടെ ജീവിതം. ജോലി ചെയ്യുന്ന വീടുകളിലും ബന്ധുവീടുകളിലും കഴിഞ്ഞിരുന്ന ഗൗരി ഏക മകളുടെ വിവാഹത്തോടെ തികച്ചും ഒറ്റയാവുകയായിരുന്നു. 2017 പട്ടികജാതി വകുപ്പിന്റെ ഭവന നിർമ്മാണ പദ്ധതി പ്രകാരം 3,85000 രൂപ വീടിന് പാസാവുകയും തറ നിർമ്മാണത്തിന് ആദ്യ ഗഡുവായ 45000 രൂപ ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ റോഡ് സൗകര്യമില്ലാത്ത ചെങ്കുത്തായ കുന്നിൻ മുകളിലെ അഞ്ചു സെന്റ് സ്ഥലം നിരപ്പാക്കിയതോടെ തറ പണിയാൻ നൽകിയ പണം തീർന്നു. അതോടെ തറ നിർമ്മാണവും നിലച്ചു. ലോക്ക് ഡൗൺ വന്നതോടെ മൂന്നു മാസമായി ജോലിക്കും പോകാനായില്ല. ഇതു മനസിലാക്കിയാണ് ഫുഡ് ഫോർ ഹംഗ്രി ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ടി. സുധാകരന്റെ നേതൃത്വത്തിൽ സിമന്റ് കട്ടയും പനയോലയും ഉപയോഗിച്ച് താത്ക്കാലിക വീട് പണിതുകൊടുത്തത്.

പ്രാണിക് ഹീലർ കെ.ശിവദാസൻ ഗൗരിയ്ക്ക് ധനസഹായം കൈമാറി. എഫ്.എഫ്.എച്ച് ഓഫീസ് മാനേജർ എം.പി.ശ്രീനിവാസൻ , ഗിരീഷ് തേവള്ളി, പി.എം.സുമേഷ്,കെ.അശ്വനി എന്നിവർ സംബന്ധിച്ചു.