ഉദ്ഘാടനം ഇന്ന്
വടകര: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് പൊടിച്ച് ക്ലീൻ കേരള കമ്പനിക്ക് നൽകിയ അഴിയൂർ പഞ്ചായത്തിലെ ഹരിത കർമ്മ സേനയ്ക്ക് സഹായമാകാൻ ബൈലിംഗ് മെഷീൻ സ്ഥാപിക്കുന്നു. 60000 കിലോ പ്ലാസ്റ്റിക് പൊടിയാണ് നാളിതുവരെ അഴിയൂർ പഞ്ചായത്തിലെ ഷഡിംഗ് മെഷീനിൽ നിന്ന് ക്ലീൻ കേരള കമ്പനിക്ക് നൽകിയത്. 25 കിലോ പ്ലാസ്റ്റിക് പൊടിച്ചാൽ ഒരു കിലോ പൊടി എന്ന തോതിൽ 1500000 കിലോ പ്ലാസ്റ്റിക്കാണ് പൊടിച്ചുകൊണ്ടിരുന്നത്. ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ ലഘൂകരിക്കുന്നതിന് വേണ്ടിയാണ് ബൈലിംഗ് മെഷീൻ സ്ഥാപിക്കുന്നത്. 4 ലക്ഷം രൂപ ചെലവിൽ വാങ്ങിച്ച മെഷീന്റെ 75 ശതമാനം ശുചിത്വ മിഷൻ സബ്സിഡിയായി നൽകി. 7.5 എച്ച്.പി മോട്ടോർ ഉപയോഗിച്ചാണ് മെഷീൻ പ്രവർത്തിക്കുക. 10 മിനിറ്റ് കൊണ്ട് 70 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങൾ ബൈലിംഗ് നടത്തുവാൻ സാധിക്കുമെന്നതാണ് പ്രയോജനം. നിലവിൽ രണ്ട് ടൺ പ്ലാസ്റ്റിക്കാണ് കയറ്റി അയക്കാൻ സാധിക്കുന്നതെങ്കിൽ ബൈലിംഗ് മെഷീൻ ഉപയോഗിച്ച് 10 ടൺ പ്ലാസ്റ്റിക് ഒരു ലോറിയിൽ കയറ്റി അയക്കാൻ കഴിയും. വീടുകൾ, കടകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ പ്ലാസ്റ്റിക് ശേഖരിച്ച് മൂല്യവർദ്ധിത രീതിയിൽ വേർതിരിച്ച് കയറ്റി അയക്കുകയും മറ്റുള്ളവ പൊടിച്ച് ക്ലീൻ കേരള കമ്പനിക്ക് റോഡ് നിർമ്മാണത്തിനായി നൽകുകയാണ് ചെയ്യുന്നത്. 24 ഹരിത കർമ്മ സേന പ്രവർത്തകരാണ് അഴിയൂർ പഞ്ചായത്തിൽ ഉള്ളത്. ശുചിത്വമിഷന്റെ സഹായത്തോടെ സ്ഥാപിക്കുന്ന മെഷീനിന്റെ പ്രവർത്തനോദ്ഘാടനം ഇന്ന് രാവിലെ 10.30ന് സി. കെ. നാണു എം.എൽ. എ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയൻ അദ്ധ്യക്ഷത വഹിക്കും.