നാദാപുരം: ചേലക്കാട് മിനി സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ഫയർഫോഴ്‌സിന് കെട്ടിടം നിർമ്മിക്കുന്ന നാദാപുരം താലൂക്ക് ആശുപത്രി പരിസരത്തുള്ള സ്ഥലത്ത് പ്രവേശിക്കുന്നത് സമീപവാസി തടഞ്ഞു. കെട്ടിട നിർമ്മാണത്തിനുള്ള കരാർ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി കെട്ടിടം നിർമ്മിക്കുന്ന സ്ഥലത്തേക്ക് റോഡ് നിർമ്മിക്കുന്നതിനിടയിലാണ് സമീപവാസി പ്രതിഷേധവുമായി എത്തിയത്. റോഡ് നിർമ്മിക്കുന്ന സ്ഥലം തന്റെ ഉടമസ്ഥതയിലുള്ള താ ണെന്നും ഇവിടെ നിർമ്മാണം നടത്തുന്നതിന് കോടതി സ്റ്റേ അനുവദിച്ചിട്ടുണ്ടെന്നും പറഞ്ഞു കൊണ്ട് ഇയാൾ മണ്ണുമാന്തിയന്ത്രം തടയുകയായിരുന്നു. നാദാപുരം പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. റോഡ് വെട്ടുന്ന സ്ഥലം സ്വകാര്യ ഭൂമിയാണെന്നും അതിക്രമിച്ച് കടക്കുന്നവരെ ശിക്ഷിക്കുമെന്നും കാണിച്ച് ഇയാൾ ബോർഡും സ്ഥാപിച്ചിട്ടുണ്ട്.