news

കോഴിക്കോട്ടുകാർക്ക് എന്നും സ്വകാര്യ അഹങ്കാരമാണ് മാനാഞ്ചിറ സ്‌ക്വയർ. നഗരത്തിനു നടുക്ക് മറ്റെങ്ങും ഇങ്ങനെ പച്ചപ്പിന്റെ പരവതാനി കാണില്ലെന്നതു തന്നെ കാര്യം. ഇതിത്രയും മനോഹരമായി ഒരുക്കിയെടുത്തത് ആരായിരിക്കും ? അവർ എവിടെയാണ് ? ഇങ്ങനെ അന്വേഷിച്ചു പോയാൽ എത്തിപ്പെടുന്നത് കോഴിക്കോട്ടെ സെെലന്റ് വാലി നഴ്സറി ഉടമ എൻ.വി.അഭിമന്യുവിന്റെ മുന്നിലായിരിക്കും.

പഴയ കാലത്ത് സ്വന്തം സംരംഭമായി ടൂട്ടോറിയൽ തുടങ്ങിയ പിന്നീട് അഭിമന്യു പച്ചപ്പിന്റെ തുരുത്തിലേക്ക് എത്തിപ്പെട്ടത് ആത്മസമർപ്പണം ഒന്നുകൊണ്ടു മാത്രം.

 തുടക്കം ടൂട്ടോറിയൽ

കോളേജിൽ നിന്ന്

തൃശൂരിലെ ചാഴൂർ അന്തിക്കാട്ടുകാരനായ അഭിമന്യു മൂന്നര പതിറ്റാണ്ടു മുമ്പ് ട്യുട്ടോറിയൽ കോളേജ് സ്ഥാപിച്ചത് ഏറെ അകലെയല്ലാതെ വാടാനപ്പിള്ളിയിലായിരുന്നു. ആ സ്ഥാപനം വേണ്ടെന്നു വെച്ച് ചെടികളുടെ ലോകത്തേക്ക് കടന്നത് കൃഷിയോടുള്ള ഇഷ്ടം കൊണ്ടു മാത്രമായിരുന്നില്ല. ഈ മേഖലയിൽ ഉയർന്നുവരുന്ന സംരംഭകസാധ്യതകൾ തിരിച്ചറിഞ്ഞിട്ടു തന്നെ. പുതിയ സംരംഭം പരമ്പരാഗതരീതിയിൽ ഒതുങ്ങരുതെന്ന ശാഠ്യമുണ്ടായിരുന്നു അഭിമന്യുവിന്. അങ്ങനെ മണ്ണുത്തിയിലായിരുന്നു തുടക്കം. ആദ്യകാലങ്ങളിൽ ഓർഡർ ശേഖരിച്ച് നീങ്ങുകയായിരുന്നു. ഇങ്ങനെ ഓർഡറുകൾ അന്വേഷിച്ചുള്ള വേട്ടയിലാണ് വീടിനെ പ്രകൃതിയുമായി കൂടുതൽ കൂട്ടിയിണക്കുന്ന ലാൻഡ്‌ സ്‌കേപ്പിനെക്കുറിച്ച് ആലോചന ഉയർന്നത്.

വൈകാതെ ചിന്ത പ്രവൃത്തിയിലേക്ക് കടന്നു. ഭാര്യ വസന്തകുമാരിയും മക്കളും എപ്പോഴും ഒപ്പം നിന്നു. മലപ്പുറത്ത് ആനക്കയത്താണ് ആദ്യം ലാൻഡ് സ്കേപ്പ് ചെയ്തത്. നാലു വർഷത്തിനിടയിൽ മലപ്പുറത്തെ ഒട്ടേറെ വീടുകളോടു ചേർന്ന് അഭിമന്യുവിന്റെ മുദ്ര ചാർത്തിയ മു​റ്റം ഒരുങ്ങി. 'ഔട്ട്‌ ഡോർ ലിവിംഗ് സ്‌പേസ് ' എന്നാണ് ലാൻഡ്‌ സ്‌കേപ്പ് ചെയ്ത മു​റ്റം അറിയപ്പെടുന്നത്. ചന്തമേറിയ ഒരിടം എന്ന മട്ടിൽ മാത്രം ഇതിനെ കാണേണ്ട. മണ്ണൊലിപ്പ് തടയുക എന്ന കർത്തവ്യം കൂടി ലാൻഡ്‌ സ്‌കേപ്പിംഗ് ചെയ്യുന്നുണ്ട്. ഭൂമിയ്ക്കടിയിലേക്ക് വെള്ളം ഊർന്നിറങ്ങി ഭൂജലവിതാനം ഉയർത്താനും കൂടി ഇത് സഹായകമാണെന്ന് അഭിമന്യു സാക്ഷ്യപ്പെടുത്തുന്നു.

 പിന്നെ അങ്ങനെ

കോഴിക്കോട്ടുകാരനായി

എപ്പോഴും മാറ്റം ആഗ്രഹിക്കുന്നിടത്താണല്ലോ പുതിയ കവാടങ്ങളിലേക്ക് എത്തുന്നത്. ലാൻഡ്‌ സ്‌കേപ്പിൽ നിന്ന് മെല്ലെ ചുവട് മാറി അഭിമന്യു ശാസ്‌ത്രീയ നഴ്സറിയിലേക്ക് എത്തുന്നത്. അതുവഴി അറിയാതെ കോഴിക്കോട്ടുകാരനുമായി.

'ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ച ആ ദിവസമാണ് കോഴിക്കോട്ടേക്ക് എത്തുന്നത്. ആ ദിവസം ഒരിക്കലും മറക്കില്ല ;അഭിമന്യു പറയുന്നു.

മാനാഞ്ചിറ മെെതാനിയിൽ ഫ്ലവർ ഷോ നടക്കുന്ന സമയമായിരുന്നു അത്. ഞാനും സ്റ്രാൾ ഒരുക്കിയിരുന്നു. 'മെക്സിക്കൻ കാർപ്പറ്റ് ഗ്രാസ്' എന്ന ഒരു തരം പുല്ല് അവിടെ അന്ന് ആദ്യമായി പരിചയപ്പെടുത്തി. അതുവരെ ഇവിടെ സിംഗപ്പൂർ ഗ്രാസിനായിരുന്നു സ്ഥാനം. പ്രതീക്ഷിച്ചതിലേറെ ഗംഭീരവരവേല്പായിരുന്നു മെക്സിക്കൻ കാർപ്പറ്റ് ഗ്രാസിന്. ആ പ്രചോദനത്തിൽ നിന്നാണ് നൂതന സംവിധാനങ്ങളോടെയുള്ള നഴ്സറിയിലേക്ക് തിരിയാൻ തീരുമാനിച്ചത്. അന്നത്തെ കളക്ടർ കെ.ജയകുമാറിനെയും മറ്രും പരിചയപ്പെടുന്നത് അവിടെ നിന്നാണ്. കോഴിക്കോട്ടെ മണ്ണിൽ പിന്നെ വേരുറക്കുകയായിരുന്നു.

രണ്ടു വർഷത്തോളമായി തൃശൂർ മണ്ണുത്തിയിൽ പ്രാണ എന്ന പേരിൽ പ്രൊഡക്‌ഷൻ യൂണിറ്റുമുണ്ട് അഭിമന്യുവിന്. അവിടെ നിന്നാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കായുള്ള ചെടികളുടെ കയറ്റുമതി.

 മാ​നാ​ഞ്ചി​റ​ ​ സ്‌​ക്വ​റിന് മിഴിവേകി

കോഴിക്കോട് നഗരത്തിന്റെ നടുമു​റ്റമായി അറിയപ്പെടുന്ന മാനാഞ്ചിറ സ്‌ക്വയർ യാഥാർത്ഥ്യമായിട്ട് ഇപ്പോൾ കാൽ നൂ​റ്റാണ്ട് തികയുന്നു. 1994 നവംബർ ഒമ്പതിന് അന്നത്തെ മുഖ്യമന്ത്റി കെ. കരുണാകരനാണ് മാനാഞ്ചിറ ജനങ്ങൾക്കായി സമർപ്പിച്ചത്. അന്നത്തെ കളക്ടർ അമിതാഭ് കാന്തിന്റെ ദൃഢനിശ്ചയമായിരുന്നു അതിനു പിന്നിൽ. വാസ്തുശില്പ കലാവിദഗ്ദരായ ആർ.കെ.രമേശും കളക്ടറുടെ നേതൃത്വത്തിലുള്ള ടാസ്‌ക്‌ഫോഴ്‌സിലുണ്ടായിരുന്നു.

സ്ക്വയറിന് ചാരുത പകർന്ന അഭിമന്യു അപ്പോഴും അറിയപ്പെടാതെ പോകുകയായിരുന്നു. അതേക്കുറിച്ച് അഭിമന്യു പറയുന്നത് ഇങ്ങനെ: മാനാഞ്ചിറയിൽ വിശാലമായ പാർക്ക് ചെയ്യാനാണ് കളക്ടർ ആദ്യം പറഞ്ഞത്. അതേ സമയത്ത്, ആർ.കെ.രമേശും എൻ.എം. സലീമും ചേർന്ന് മാനാഞ്ചിറ സൗന്ദര്യവത്കരണ പദ്ധതി കൊണ്ടുവന്നു. പിറകെ കളക്ടറുടെ ടാസ്‌ക്‌ ഫോഴ്‌സുമായി. കൊണ്ടു വരുകയും ചെയ്തു. ഇതിനായി ഒരു പ്ലാൻ അത്യാവശ്യം ആയിരുന്നു. ആർ.ഇ.സിയിലെ കൂട്ടുകാരൻ ചന്ദ്രമോഹനെയും ശില്പി ബാലൻ താനൂരിനെയും കൂട്ടുപിടിച്ച് പ്ലാനുണ്ടാക്കി. രമേശ് സാറിനെ കാണിച്ചപ്പോൾ വഴക്കാണ് കേട്ടത്. അതോടെ എനിക്കും ഭയമായി. അങ്ങനെ ആ പ്ലാൻ വെളിച്ചം കാണാതെ പോയി. പിന്നീട് സ്‌ക്വയറിൽ വലിയ ആർച്ചുകളും മരങ്ങളുടെ ഹെെലെെറ്റ്സും വേണമെന്ന നിബന്ധനയിൽ ഏതാണ്ട് ആറു മാസം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കുകയായിരുന്നു. കുറച്ചു കാലം സ്‌ക്വയറിന്റെ പരിപാലനവും ഏറ്റെടുത്തിരുന്നു.‌

 മമ്മൂട്ടിയുടെ വീട് വരെ

ലാൻഡ് സ്കേപ്പിനോട് ആളുകൾക്ക് എന്നും വല്ലാത്ത ഇഷ്ടമാണ്. ആ ഇഷ്ടത്തിൽ നിന്നാണ് മാനാഞ്ചിറയിൽ നിന്ന് മദ്രാസിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ വീടു വരെ എത്താൻ കഴിഞ്ഞത്. വയനാട്ടിൽ സ്റ്റെർലിംഗ് ഗ്രൂപ്പിന്റെ റിസോർട്ട്, കോഴിക്കോട് ടാഗോർ ഹാൾ, കളക്ടറുടെ ബംഗ്ളാവിലെ പൂന്തോട്ടം എന്നിങ്ങനെ നീണ്ടു പിന്നെ പട്ടിക.

 ആദ്യനഴ്സറി ഖാദി ഗ്രാമിൽ

കളക്ടർ അമിതാഭ് കാന്തിന്റെ പ്രേരണയിൽ ഖാദിഗ്രാമിലാണ് ചെടികളുടെ നഴ്സറി ആദ്യം തുടങ്ങിയത്. പിന്നീട് സെെലന്റ് വാലി നഴ്സറി എന്ന പേരിൽ തൊണ്ടയാടും വേങ്ങേരിയിലും പാലാഴി വഴിപോക്കിലും ചേവരമ്പലത്തും യൂണിറ്രുകളായി. ഇതിലെ ഓരോ ചെടിയും അദ്ദേഹത്തിന് പ്രാണവായുവാണ്.

ചെടികൾ വളരുന്ന കണക്കെ നഴ്‌സറിയും വളർന്നു. ഇന്നിപ്പോൾ എണ്ണമറ്റ ഫല വൃക്ഷത്തൈകളുണ്ട് ഇവിടെ. പൂച്ചെടികളുടെയും അലങ്കാരച്ചെടികളുടെയും നിര പെട്ടെന്നൊന്നും കണ്ടുതീർക്കാനാവില്ല. ഔഷധസസ്യങ്ങളുടെ കലവറ കൂടിയാണ് സൈലന്റ് വാലി. എല്ലാറ്റിനും പുറമെ വൈവിദ്ധ്യമാർന്ന ഇൻഡോർ പ്ലാന്റ് ശേഖരവും.

 കുടുംബം

തെങ്ങുചെത്തുതൊഴിലാളിയായിരുന്ന വിജയന്റെ മൂന്നു മക്കളിൽ മൂത്തയാളാണ് അഭിമന്യു. ഭാര്യ വസന്ത കുമാരി. മക്കൾ: വിജയ് കൃഷ്ണ, അഭിനന്ദ് കൃഷ്ണ.