rain

കോഴിക്കോട്: ലോക്ക് ഡൗണിൽ വീട്ടിന്റെ സ്വീകരണ മുറിയിൽ ഓൺലൈൻ ക്ലാസുകളായതോടെ സംസ്ഥാനത്തെ സ്‌കൂൾ വിപണി തളർച്ചയിലാണ്. ആവശ്യക്കാരില്ലാതായതോടെ നോട്ടുപുസ്തകങ്ങളും വർണക്കുടകളും ബാഗുകളും ചോറ്റുപാത്രവുമെല്ലാം കെട്ടിക്കിടക്കുകയാണ്. ഇതോടെ കോടികളുടെ വില്പന നടക്കേണ്ട സ്‌കൂൾ വിപണി തകർന്നടിഞ്ഞു. ജൂൺ പകുതിയായിട്ടും വിപണിയിൽ ചലനമുണ്ടാകാത്തത് വ്യാപാരികളെയും പ്രതിസന്ധിയിലാക്കി.

 കുത്തിനിറച്ച കടകൾ

മേയിലെ തിരക്ക് കണ്ട് സ്‌കൂൾ സാധനങ്ങൾ കുത്തിനിറച്ച വ്യാപാരികൾ ലോക്ക് ഡൗൺ കനത്ത പ്രഹരമാണ് നൽകിയത്. പലരും മാർച്ചിൽ തന്നെ സാധനങ്ങൾ കടയിലെത്തിച്ചിരുന്നു. കട രണ്ടു മാസം അടച്ചിട്ടതോടെ ലോക്ക് ഡൗണിന് മുമ്പെത്തിയ സാധനങ്ങൾ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. ഇതുകാരണം പുതിയവ എത്തിച്ചിട്ടില്ല. ക്ലാസ് തുടങ്ങിയതോടെ കുറഞ്ഞ പുസ്തകങ്ങൾ മാത്രമാണ് ചെലവായി. മുൻവർഷങ്ങളിൽ എല്ലാ വിഷയങ്ങൾക്കും പുസ്തങ്ങൾ വാങ്ങിയിരുന്നെങ്കിൽ ഇത്തവണ അത് കുറഞ്ഞെന്ന് വ്യാപരികളും പറയുന്നു.

 ഉണരാത്ത കുട വിപണി

മഴക്കാലമായെങ്കിലും കുടവിപണിയും ഉറക്കത്തിലാണ്. ആവശ്യക്കാർ ഇല്ലാത്തതിനാൽ കടകളിൽ ഇവ കെട്ടിക്കിടക്കുകയാണ്. കുട, ബാഗ്, പുസ്തകം തുടങ്ങിയവയുടെ ചെറുതും വലുതുമായ യൂണിറ്റുകൾ നിർമ്മാണവും നിറുത്തി. ഇതോടെ ആയിരക്കണക്കിന്‌ തൊഴിലാളികളുടെ ജീവിതവും വഴിമുട്ടി.

 ഉലയുന്ന വസ്ത്രവ്യാപാരം

യൂണിഫോമുകൾക്ക് ആവശ്യക്കാരില്ലാത്തത് വസ്ത്രവ്യാപാരികളെയും പ്രതിസന്ധിയിലാക്കി. മുംബയ്, രാജസ്ഥാൻ തുടങ്ങിയടങ്ങളിൽ നിന്നാണ് യൂണിഫോം എത്തിയത്. എന്നാൽ ലോക്ക് ഡൗണായതോടെ ചരക്ക് വാഹനങ്ങൾക്ക് എത്താനായില്ല. ഇളവ് ലഭിച്ചപ്പോൾ പലയിടത്തും കടകൾ തുറന്നിരുന്നു. എന്നാൽ സ്‌കൂളുകൾ തുറക്കാത്തത് കച്ചവടത്തെ ബാധിച്ചു. ലോക്ക് ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട സാധാരണക്കാരുടെ ജീവിതതാളവും തെറ്റി. അതുകൊണ്ട് സ്‌കൂൾ തുറന്നാലും പുതിയത് വാങ്ങാനുള്ള സാധ്യത കുറവാണ്. എങ്കിലും സ്‌കൂൾ തുറന്നാൽ വിപണി സജീവമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.