കോഴിക്കോട്: മദ്യ വിൽപ്പന പുനരാരംഭിക്കുന്നതിന് മുമ്പ് ബീവറേജസ് ഔട്ട്ലെറ്റിൽ നിന്ന് ജീവനക്കാരൻ മദ്യം കടത്തിയെന്ന ആരോപണത്തിൽ നാളെ റിപ്പോർട്ട് സമർപ്പിക്കും.
ബെവ്‌കോ ഉത്തരമേഖലാ റീജ്യണൽ മാനേജർ വി.സതീശനാണ് ബീവറേജസ് കോർപറേഷൻ എം.ഡിയ്ക്ക് റിപ്പോർട്ട് സമർപ്പിക്കുക. ക്രമക്കേട് കണ്ടെത്തിയാൽ ജീവനക്കാരനെതിരെ നടപടി സ്വീകരിക്കും.
അരയിടത്ത് പാലത്തുള്ള ബീവറേജസ് ഔട്ട്ലെറ്റിൽ നിന്ന് 3.64 ലക്ഷം രൂപയുടെ മദ്യം വിൽപ്പനയ്ക്കായി കാറിൽ കടത്തിയെന്നാണ് ജീവനക്കാരനെതിരായ പരാതി. കഴിഞ്ഞ മാസം വിൽപ്പന കേന്ദ്രം തണ്ണീർപന്തലിലേക്ക് മാറ്റുന്ന സമയത്തായിരുന്നു മദ്യം കടത്തൽ. ആരോപണ വിധേയനായ ജീവനക്കാരനായിരുന്നു ഔട്ട്‌ലെറ്റ് മാറ്റത്തിന്റെ ചുമതല. മേയ് 28 നാണ് തണ്ണീർപന്തലിൽ ഔട്ട് ലെറ്റ് ആരംഭിച്ചത്. ലോക്ക് ഡൗൺ കാലത്ത് സ്വകാര്യമായി വിറ്റ മദ്യം കണക്കിൽ ഉൾപ്പെടുത്താനായി കൃത്രിമ ബില്ലുകൾ തയാറാക്കിയെന്ന പരാതിയുമുണ്ട്. സ്‌റ്റോക്കില്ലാത്ത മദ്യത്തിന് ബിൽ അടിച്ചത് ശ്രദ്ധയിൽപ്പെട്ട മറ്റു ജീവനക്കാരാണ് ബെവ്‌കോ എം.ഡിയ്ക്ക് പരാതി നൽകിയത്.
എന്നാൽ ഇക്കാര്യത്തിൽ വീഴ്ച പറ്റിയെന്ന ആരോപണത്തിൽ അടിസ്ഥാനമില്ലെന്നാണ് എക്സൈസ് വകുപ്പിന്റെ വിശദീകരണം. ലോക്ക് ഡൗൺ കാലത്ത് ബീവറേജസ് ഔട്ട്‌ലെറ്റുകളുടെ സുരക്ഷാ ചുമതല എക്‌സൈസ് ഏറ്റെടുത്തിരുന്നില്ല. ഇടയ്ക്ക് പരിശോധന നടത്തുക മാത്രമാണ് ചെയ്തതെന്നും ബന്ധപ്പെട്ടവർ പറയുന്നു.