mask

കോഴിക്കോട്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പ് കുടുംബശ്രീയുമായി ചേർന്ന് ആയുർ മാസ്‌കുകൾ വിപണിയിലെത്തിക്കും. തിരുവനന്തപുരത്തെ ഗവ. ആയുർവേദ കോളേജിൽ വികസിപ്പിച്ച ഔഷധ മാസ്‌കുകളാണ് വിപണിയിലെത്തിക്കുന്നത്. കൊവിഡ് പ്രതിരോധത്തിൽ ആയുർ മാസ്‌കുകൾക്ക് കിട്ടിയ സ്വീകാര്യത കണക്കിലെടുത്താണ് വിപണനാടിസ്ഥാനത്തിൽ പുറത്തിറക്കാൻ കുടുംബശ്രീയുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ ആലോചിക്കുന്നത്.

മാസ്‌ക് നിർമ്മാണത്തിനാവശ്യമായ സാങ്കേതിക പരിജ്ഞാനം കുടുംബശ്രീയ്‌ക്ക് കൈമാറുന്നതിന് ആയുഷ് സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് കുടുംബശ്രീ ഡയറക്ടറുമായി ചർച്ച നടത്തി. കുടുംബശ്രീയുമായുള്ള ധാരണാപത്രം ഉൾപ്പെടെയുള്ള കാര്യങ്ങൾ പുരോഗമിക്കുകയാണ്. എത്രയും വേഗം ആയുർ മാസ്‌കുകൾ വിപണിയിൽ ഇറക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.