കോഴിക്കോട്: പന്തലായനിയിൽ പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബി കൊയിലാണ്ടി നോർത്ത് ഓഫീസിന് പുതിയ കെട്ടിടമായി. നിലവിലെ കെട്ടിടം ജീർണ്ണാവസ്ഥയിൽ ആയതോടെ ആറുമാസം മുമ്പ് കന്നൂർ 110 കെ.വി സബ്‌സ്റ്റേഷൻ സ്ഥലത്തേക്ക് മാറ്റാൻ ശ്രമം നടന്നിരുന്നു. എന്നാൽ കൊയിലാണ്ടിയിൽ നിന്ന് ഉള്ളിയേരി പഞ്ചായത്തിലേക്ക് മാറ്റാനുള്ള തീരുമാനത്തെ നഗരസഭ എതിർത്തു. തുടർന്ന് നഗരസഭ ചെയർമാൻ കെ.സത്യൻ മുൻകൈയെടുത്ത് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ കനറാ ബാങ്കിന് പിൻവശം ജുമാ മസ്ജിദ് റോഡിൽ 2300 സ്‌ക്വയർ ഫീറ്റ് കെട്ടിടം കണ്ടെത്തി നിർമ്മാണം ആരംഭിക്കുകയായിരുന്നു. നഗരസഭ തന്നെ മേൽ വാടക നൽകി വ്യാപാരികൾ, വിവിധ സംഘടനകൾ, സ്ഥാപനങ്ങൾ , വ്യക്തികൾ എന്നിവരുടെ സഹായത്തോടെ ഓഫീസ് സൗകര്യങ്ങളും ഒരുക്കി. ക്യാഷ് കൗണ്ടർ, അന്വേഷണ കൗണ്ടർ, അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ, അസി:എൻജിനീയർ, സൂപ്രണ്ട്, സബ്.എൻജിനീയർമാർ, ഓവർസിയർമാർ, വർക്കേഴ്‌സ് എന്നിവർക്ക് ഇരിക്കാനുള്ള പ്രത്യേകസംവിധാനം, ടോയ്‌ലറ്റ് സൗകര്യം, മീറ്റിംഗ് ഹാൾ എന്നിവ പുതിയ ഓഫീസിൽ സജ്ജീകരിച്ചിട്ടുണ്ട്. ഓഫീസ് ഉദ്ഘാടനം ജൂൺ 15ന് രാവിലെ 10ന് കെ. ദാസൻ എം എൽ എ നിർവഹിക്കും. തിങ്കളാഴ്ച മുതൽ ഓഫീസ് പ്രവർത്തനം പുതിയ കെട്ടിടത്തിൽ ആരംഭിക്കുമെന്ന് അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.