കോഴിക്കോട്: കൊവിഡ് ഭീതിയും ലോക്ക് ഡൗണും കുരുക്കിട്ട നാട്ടിൽ ആശ്വാസത്തിന്റെ ഉയരത്തിലാണ് കല്ലുത്താൻ കടവ് കോളനിയിലെ ജീവിതങ്ങൾ. തൊഴിലില്ലായ്മയും സാമ്പത്തിക ഞെരുക്കവും വെല്ലുവിളിയായി മുന്നിലുണ്ടെങ്കിലും പേൾഹൈറ്റ്‌സ് ഫ്ലാറ്രിൽ ഇവരിപ്പോൾ മനുഷ്യരാണ് .

എട്ട് പതിറ്റാണ്ടുകളുടെ ദുരിത ജീവിതത്തിന് അറുതി വന്നിട്ട് മാസങ്ങൾ മാത്രം. മുമ്പത്തെ അവസ്ഥയെങ്കിൽ ഐസൊലേഷനിലായേനെ ഇവരുടെ കൊവിഡ് കാലം.

പ്ലാസ്റ്റിക് ഷീറ്റും പലക കൊണ്ടും മറച്ച കൂരകളിലായിരുന്നു ജീവിതം. നഗരത്തിന്റെ മാലിന്യം പേറാൻ വിധിക്കപ്പെട്ട കനോലി കനാലിന്റെ ഓരത്ത് നരക തുല്യമായ നാളുകൾ. മഴയൊന്ന് പെയ്താൽ കനാലിലെ വെള്ളം കൂരയിലെത്തും. പക്ഷെ, ഒത്തൊരുമയിൽ പ്രതിസന്ധികളെ അവർ അതിജീവിച്ചു. 1936ൽ മുതൽ കല്ലുത്താൻകടവിൽ താമസക്കാരുണ്ട്. കഴിഞ്ഞ കേരള പിറവിയ്ക്ക് പിറ്റേന്നാണ് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഫ്‌ളാറ്റിലെ 316 എസ് ഭവനത്തിൽ താമസിക്കാൻ സരോജിനി ഗോവിന്ദൻ താക്കോൽ ഏറ്റുവാങ്ങിയത്.

കോഴിക്കോട് കോർപ്പറേഷനും ഇത് അഭിമാന നിമിഷമാണ്. രക്ഷയുടെ തുരുത്ത് കാണാത്തവരുടെ മുന്നിലേക്ക് 2005ലാണ് പേടകമായി കോഴിക്കോട് കോർപ്പറേഷന്റെ തീരുമാനം വരുന്നത്. അടച്ചുറപ്പുള്ള കൂര മാത്രം മോഹിച്ചവർക്ക് ഫ്ലാറ്റ് നൽകാൻ തീരുമാനിച്ചു. 2009ൽ ശിലാസ്ഥാപനം നടത്തി. പക്ഷേ, നിർമ്മാണത്തിലേക്ക് കടക്കാൻ 2014 വരെ കാത്തിരിക്കേണ്ടി വന്നു. 2017 ഡിസംബർ 31ന് പണി പൂർത്തിയായി വീട് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നവർ രണ്ടു വർഷം കൂടി പിന്നെയും കാത്തിരുന്നു. ഇതിനിടെ ചെറുതും വലുതുമായ സമരങ്ങൾ. രണ്ട് മഹാ പ്രളയങ്ങളെയും അതിജീവിച്ച ശേഷമായിരുന്നു ഫ്ലാറ്റിലേക്കുള്ള പറിച്ചുനടൽ. ഏഴ് നിലയുള്ള നാല് കെട്ടിടങ്ങളിലായി 140 ഭവനങ്ങളാണുള്ളത്. കല്ലുത്താൻ കടവ് കോളനിയിലെ 87 കുടുംബങ്ങൾ, സത്രം കോളനിയിലെ 27 കുടുംബങ്ങൾ, 13 ധോബിവാല കുടുംബങ്ങൾ എന്നിവർ താമസക്കാരായി ഫ്ലാറ്റിലുണ്ട്.