കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുടെ വിചാരണ തുടങ്ങാനിരിക്കെ മുഖ്യപ്രതി ജോളി ജയിലിൽ നിന്ന് പ്രധാന സാക്ഷിയായ മകനെ നിരന്തരം ഫോൺ വിളിച്ച സംഭവത്തിൽ കൃത്യമായി ഉത്തരം നൽകാതെ ജയിൽ-പൊലീസ് ഉദ്യോഗസ്ഥർ. ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ അനുവദിച്ച മൂന്ന് ഫോൺ നമ്പരുകളിൽ ഒന്നിൽ നിന്നാണ് വിളിച്ചതെന്നാണ് ജയിൽ അധികൃതരും പൊലീസും നൽകിയ വിശദീകരണം. നിയമപരമായി ഇത് തടയാനാവില്ല. എന്നാൽ കേസിൽ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് മകൻ പരാതിപ്പെട്ടാൽ പ്രതിയുടെ ജാമ്യം റദ്ദാക്കാം. എന്നാൽ ആറ് കൊലപാതകങ്ങളിൽ ഒന്നിൽപ്പോലും ജോളിക്ക് ജാമ്യം ലഭിച്ചിട്ടില്ല. ജാമ്യത്തിനായി അപേക്ഷ സമർപ്പിക്കുന്ന സമയത്ത് കോടതിയുടെ ശ്രദ്ധയിൽ പെടുത്താനേ കഴിയൂ എന്നും ഉദ്യോഗസ്ഥർ പറയുന്നു.
ജോളിയുടെ ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊന്ന കേസിന്റെ വിചാരണ ആഗസ്റ്റ് 11ന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിലാണ് തുടങ്ങുന്നത്. തൃശൂർ ബാറിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനായ അഡ്വ. എൻ.കെ. ഉണ്ണിക്കൃഷ്ണനാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ. ജോളിക്കായി അഡ്വ. ബി.എം. ആളൂർ ഹാജരാകും.