പേരാമ്പ്ര: വിലക്കുറവും പ്രളയ ഭീതിയും നേന്ത്രവാഴ കർഷകരെ ആശങ്കയിലാക്കി. കഴിഞ്ഞ വർഷത്തെക്കാൾ ശക്തമായ പ്രളയം ഉണ്ടാവുമെന്ന പ്രചാരണമാണ് കർഷകരിൽ ഭീതി ഉയർത്തുന്നത്. കൊവിഡ് രോഗ വ്യാപനത്തോടെ കയറ്റുമതി നിലച്ചതും ലോക്ക് ഡൗണിൽ വിപണി നിശ്ചലമായതും വലിയ പ്രതിസന്ധിയാണ് കർഷകരിൽ സൃഷ്ടിച്ചത്. കർഷകരിൽ നിന്ന് 27-30 രൂപ നിരക്കിൽ വ്യാപാരികൾ ശേഖരിച്ച് 45 -50 രൂപ നിരക്കിലാണ് വിപണിയിൽ വിൽക്കുന്നത്. ഇടത്തട്ടുകാരുടെ കൊള്ളലാഭം, തൊഴിലാളികളുടെ കൂലി വർദ്ധനവും വളങ്ങളുടെ അമിത വില വർദ്ധനവും ദുരിതമായി. ഈ സാഹചര്യത്തിൽ സർക്കാർ വിപണിയിൽ ശക്തമായി ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം. പഴം, പച്ചക്കറി ശേഖരിച്ച് സംഭരിച്ച് വയ്ക്കാൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. വി.എഫ് പി.സി.കെ. (വെജിറ്റബിൾ ഫ്രൂട്ട്സ് ആൻഡ് പ്രമോഷൻ കൗൺസിൽ ഓഫ് കേരള) നോക്കുകുത്തിയായത് വലിയ തിരിച്ചടിയായി. കഴിഞ്ഞ രണ്ട് വർഷവും നേന്ത്ര വാഴ കർഷകർക്ക് കനത്ത നഷ്ടമായിരുന്നു . 2018ൽ നിപ വന്നതോടെ ആവശ്യക്കാരില്ലാത്തതിനാൽ ടൺ കണക്കിന് പഴങ്ങളാണ് കർഷകർ നശിപ്പിച്ചത് . 2019ലെ പ്രളയത്തിൽ ആയിരക്കണക്കിന് വാഴ നശിക്കുകയും ചെയ്തു. പല കൃഷിഭവൻ പരിധിയിലും ദുരിതാശ്വാസ ഫണ്ട് ലഭിക്കാത്ത കർഷകർ നിരവധിയാണ്. വായ്പ എടുത്ത് വാഴ കൃഷി ചെയ്ത കർഷകരുടെ ഉൽപ്പന്നത്തിന് ന്യായമായ വില ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്.