കൽപറ്റ: കാടും കബനിയും അതിരിടുന്ന വെട്ടത്തൂർ ഗ്രാമത്തിൽ മഴക്കാലത്ത് ഒറ്റപ്പെട്ട് 19 കുടുംബങ്ങൾ. വർദ്ധിക്കുന്ന വന്യജീവി ശല്യം ദുരിതമയമാക്കുകയാണ് ഇവരുടെ ജീവിതം. മഴക്കാലത്തും ഗ്രാമത്തിന് പുറത്തുകടക്കാൻ ഉതകുന്ന വഴി വെട്ടത്തൂർ നിവാസികളുടെ സ്വപ്നമാണ്.
പുൽപള്ളി പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് വെട്ടത്തൂർ. കബനി നദിയാണ് ഗ്രാമത്തിനു ഒരു വശത്ത്. കൊടുംകാടാണ് മറ്റുവശങ്ങളിൽ. പുൽപള്ളിയിൽനിന്ന് കുണ്ടുവാടിയിലൂടെയും പെരിക്കല്ലൂരിലൂടെയും വെട്ടത്തൂരിലെത്താം.ഏതു വഴിക്കായാലും കാട് ഒഴിവാക്കാനാകില്ല.പുൽപള്ളിയിൽനിന്ന് കുണ്ടുവാടിയിലൂടെ പത്തും പെരിക്കല്ലൂരിലൂടെ 12ഉം കിലോമീറ്ററാണ് ഗ്രാമത്തിലേക്ക് ദൂരം.
13 വീടുകളാണ് വെട്ടത്തൂരിൽ. ഇതിലൊന്ന് ചെട്ടി സമുദായത്തിൽപ്പെട്ട വെട്ടത്തൂർ കൃഷ്ണന്റേതാണ്.പട്ടികവർഗത്തിലെ പണിയ,അടിയ വിഭാഗത്തിൽപ്പെട്ടവരുടേതാണ് മറ്റു വീടുകൾ. 12 വീടുകളിലായി 18 ആദിവാസി കുടുംബങ്ങളാണ് താമസം.
രണ്ട് ഏക്കർ ലീസ് ഭൂമിയാണ് കൃഷ്ണന്റെ കൈവശം. 12 ആദിവാസി കുടുംബങ്ങൾക്ക് വനാവകാശ നിയമപ്രകാരം ഓരോ ഏക്കർ ഭൂമിയുടെ രേഖ നൽകിയിട്ടുണ്ട്.
വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങുന്നതിനു പെരിക്കല്ലൂർ അങ്ങാടിയിലെത്തണം.
പെരിക്കല്ലൂർ ഗവ.സ്‌കൂളിലാണ് കുട്ടികളുടെ പഠനം.
വെട്ടത്തൂരിൽനിന്ന് പെരിക്കല്ലൂരിലേക്കുള്ള റോഡിലെത്താൻ വനത്തിലൂടെ 600 മീറ്റർ നടക്കണം. വഴിയിൽ ആനകളെ പേടിക്കണം. എന്നാൽ മഴക്കാലത്തു കാട്ടുവഴിയിലൂടെ കാൽനട ദുഷ്‌കരമാണ്.
പെരിക്കലൂരിലേക്കുള്ള പാതയിൽ കാട്ടിലൂടെയുള്ള ഭാഗം സഞ്ചാരയോഗ്യമാക്കുന്നതിനു വനം വകുപ്പ് പദ്ധതിയിട്ടെങ്കിലും ഫണ്ടിന്റെ അഭാവം വിലങ്ങുതടിയായി. റോഡ് നിർമാണത്തിനു 35 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്.
കബനി കടന്നും ആനകൾ കൃഷിയിടത്തിലെത്തി വിളനാശം വരുത്തും. മാൻകൂട്ടങ്ങളും കൃഷിഭൂമി മേച്ചിൽപ്പുറമാക്കുകയാണ്.
പെരിക്കല്ലൂർ ഗവ.സ്‌കൂളിനു കീഴിൽ വെട്ടത്തൂരിൽ 15 വർഷമായി പഠനവീട് പ്രവർത്തിക്കുന്നുണ്ട്. വെട്ടത്തൂരിനു പുറത്തുള്ള മായ സജിക്കാണ് പഠനവീടിന്റെ ചുമതല. കഴിഞ്ഞ ദിവസം പഠനവീട്ടിൽ ടെലിവിഷനും എത്തി. ഓൺലൈൻ ക്ലാസുകളുടെ പശ്ചാത്തലത്തിൽ വയനാട് പ്രസ് ക്ലബാണ് ടെലിവിഷൻ ലഭ്യമാക്കിയത്. ഇവിടെനിന്നുള്ള ഒരാൾ പൊലീസിലും രണ്ടുപേർ വനം വകുപ്പിലും ജോലി ചെയ്യുന്നുണ്ട്. രണ്ടുപേർ വയനാടിനു പുറത്തു സ്വകാര്യ സ്ഥാപനങ്ങളിൽ ജീവനക്കാരാണ്. ഇവരെല്ലാം പഠനവീടിന്റെ സംഭാവനയാണെന്നു മായ സജി പറഞ്ഞു.
പടംവെട്ടത്തൂർ ഗ്രാമം.
പടം കബനി നദി.
പടംവാച്ച് ടവർ.
പടം പഠനമുറി.