പേരാമ്പ്ര: ആഫ്രിക്കൻ ഒച്ചുകൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി കൃഷി വിജ്ഞാന കേന്ദ്രം. മഴക്കാലമായതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് കൃഷി വകുപ്പിന്റെ മുന്നറിയിപ്പ്. അച്ചാറ്റിന ഫ്യൂളിക്ക എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന ഒച്ചുകൾ തെങ്ങ്, വാഴ, റബ്ബർ, പപ്പായ, കിഴങ്ങുവർഗ്ഗ വിളകൾ, പച്ചക്കറി വിളകൾ തുടങ്ങി അഞ്ഞൂറോളം വിവിധ വിളകളെ ആക്രമിക്കും. മതിലുകളിലും ചുമരുകളിലും പറ്റിപ്പിടിച്ച് സിമന്റ്, പ്ലാസ്റ്റർ ഓഫ് പാരീസ് തുടങ്ങിയവ ഭക്ഷിക്കുന്ന ഒച്ചുകൾ മഴക്കാലം കഴിയുന്നതോടെ മണ്ണിന്റെ ആഴങ്ങളിലേക്ക് പോവുകയും അടുത്ത മഴക്കാലത്ത് പുറത്ത് വന്ന് പ്രജനനം തുടരുകയും ചെയ്യും. ഒരു ഒച്ച്‌ ശരാശരി 500-900 മുട്ടകൾ വരെ ഇടാറുണ്ട്. മുട്ടവിരിയാൻ 3-15 ദിവസങ്ങളെടുക്കും. 4 മുതൽ 5 വർഷം വരെയാണ് ജിവിതകാലം. ആൻജിയോ സ്ട്രോങ്കൈലസ് എന്ന പരാദ വിരയുടെ വാഹകരായതിനാൽ ഇവയെ കൈകാര്യം ചെയ്യുമ്പോൾ കൈയ്യുറ ധരിക്കണം. എന്നാൽ ഇവയെ നിയന്ത്രിക്കാൻ ഉപ്പ് വിതറുന്നത് മണ്ണിന്റെ ഘടനയെ ദോഷകരമായി ബാധിക്കും. ആഫ്രിക്കൻ ഒച്ചുകളെ നിയന്ത്രിക്കുന്നതിന് വിളകൾ വളർത്തുന്ന തോട്ടത്തിനു ചുറ്റുമായി തുരിശ് ലായനി(10 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ കലക്കി ) തളിക്കുന്നത് ഇവ വിളകളിലെത്തുന്നത് തടയും. നനഞ്ഞ ചാക്കിൽ ചീയുന്ന പച്ചക്കറി അവശിഷ്ടങ്ങൾ വെച്ച് ഇവയെ ആകർഷിച്ചു പെറുക്കി നശിപ്പിക്കാം. കൂട്ടത്തോടെ ആകർഷിക്കാനായി പറമ്പിൽ ഒരടി താഴ്ച്ചയിൽ കുഴിയെടുത്ത് അതിലേക്ക് 500 ഗ്രാം ആട്ടപ്പൊടി ,200 ഗ്രാം ശർക്കര , യീസ്റ്റ് എന്നിവ ചേർത്ത് കുഴമ്പ് രൂപത്തിലാക്കി ഒരു ദിവസം പുളിക്കാൻ വെച്ചതിനു ശേഷം കുഴിയിൽ നിക്ഷേപിക്കുക. തുരിശു ലായനി (60 ഗ്രാം തുരിശ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച്‌ ), പുകയിലച്ചാറ് (25 ഗ്രാം പുകയില തലേ ദിവസം 1 ലിറ്റർ വെള്ളത്തിൽ കുതിർത്ത് വെച്ച് അടുത്ത ദിവസം .പിഴിഞ്ഞ് 1 ലിറ്റർ ചാറെടുത്തത് ) തളിച്ച് ഇവയെ നിയന്തിക്കാമെന്നും പ്രോഗ്രാം കോ ഓഡിനേറ്റർ അറിയിച്ചു .