covid-19

കോഴിക്കോട്: ആരോഗ്യ പ്രവർത്തകനും വിമാനത്താവള ഉദ്യോഗസ്ഥനുമുൾപ്പെടെ ജില്ലയിൽ ഇന്നലെ 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എട്ട് പേർ വിദേശത്ത് നിന്നും (കുവൈറ്റ് 3, സൗദി 2, ദുബായി 2, റഷ്യ 1) രണ്ട് പേർ മഹാരാഷ്ട്ര, ചെന്നൈ സംസ്ഥാനങ്ങളിൽ നിന്നുമാണ് വന്നത്. ഇതോടെ കൊവിഡ് ബാധിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 149 ആയി. രണ്ട് പേർ രോഗമുക്തരായി. ഇതോടെ രോഗമുക്തരുടെ എണ്ണം 59 ആയി.

കരിപ്പൂർ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനായ കുതിരവട്ടം സ്വദേശിയുടെ (26) സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മലപ്പുറത്ത് ഹെൽത്ത് വർക്കറായ കക്കോടി സ്വദേശിയ്‌ക്കും (26) സ്രവപരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെയും മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച അത്തോളി സ്വദേശി (36) 10നാണ് കുവൈറ്റിൽ നിന്ന് കരിപ്പൂരിലെത്തിയത്. രോഗ ലക്ഷണങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. തലക്കുളത്തൂർ എടക്കര സ്വദേശി (47) 10 ന് റിയാദിൽ നിന്ന് കരിപ്പൂരിലെത്തി. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പെരുവയൽ വെള്ളിപറമ്പ് സ്വദേശി (51) മേയ് 26ന് റിയാദിൽ നിന്നാണ് കരിപ്പൂരിലെത്തിയത്. രോഗലക്ഷണങ്ങളെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

നൊച്ചാട് സ്വദേശി (48) മേയ് 26 ന് ദുബായിയിൽ നിന്ന് കൊച്ചിയിലെത്തി. തുടർന്ന് സർക്കാർ വാഹനത്തിൽ കോഴിക്കോട്ടെ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. സ്രവപരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. ഇന്നലെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഏറാമല സ്വദേശികളായ രണ്ട് യുവാക്കൾ 11നാണ് കുവൈത്തിൽ നിന്ന് കണ്ണൂരിലെത്തിയത്. രോഗ ലക്ഷണങ്ങളെ തുടർന്ന് ഇവരെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഒഞ്ചിയം സ്വദേശിനി (48) മേയ് 20ന് റഷ്യയിൽ നിന്ന് തിരുവനന്തപുരത്തെത്തി. തുടർന്ന് സർക്കാർ വാഹനത്തിൽ കോഴിക്കോട്ടെ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. സ്രവപരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.

കൂടരഞ്ഞി സ്വദേശിനി (23) ജൂൺ അഞ്ചിനാണ് മഹാരാഷ്ട്രയിൽ നിന്ന് കോഴിക്കോട്ടെത്തിയത്. തുടർന്ന് കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. സ്രവപരിശോധനയിൽ കോഗം സ്ഥിരീകരിച്ചതോടെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. ജൂണ്‍ 11 ന് ദുബായിയിൽ നിന്ന് കോഴിക്കോട്ടെത്തിയ ഒഞ്ചിയം സ്വദേശി (59) മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്നു. പുറമേരി സ്വദേശി (42) മേയ് 29 ന് ചെന്നൈയിൽ നിന്ന് വടകരയിലെ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂൺ ഒമ്പതിന് രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലായിരുന്ന ഓമശ്ശേരി സ്വദേശിയും (55 ) അത്തോളി സ്വദേശിയുമാണ് (42) ഇന്നലെ രോഗ മുക്തരായത്.