പനമരം: പനമരം കരിമ്പുമ്മൽ നീരട്ടാടിയിൽ പീപ്പിൾസ് ഫൗണ്ടേഷൻ നിർമ്മിച്ച പീപ്പിൾസ് വില്ലേജ് ഉദ്ഘാടനം ചെയ്തു. 2018ലെ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്കാണ് വീടുകൾ നൽകിയത്. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എൻ. ജി.ഒ ആണ് പീപ്പിൾസ് ഫൗണ്ടേഷൻ. പ്രീ സ്‌കൂൾ, പ്രാഥമികാരോഗ്യ കേന്ദ്രം, കളിസ്ഥലം എന്നിവ ഉൾക്കൊള്ളുന്നതാണ് വില്ലേജ്.

പ്രളയ പുനരധിവാസ പദ്ധതി പൂർത്തീകരണ പ്രഖ്യാപനം ജമാഅത്തെ ഇസ്ലാമി ഹിന്ദ് അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.
പീപ്ൾസ് വില്ലേജ് ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി ഹിന്ദ് ജനറൽ സെക്രട്ടറി ടി. ആരിഫലി നിർവഹിച്ചു.
ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. രാഹുൽ ഗാന്ധി എം.പിയുടെ സന്ദേശം ഐ.സി.ബാലകൃഷണൻ എം.എൽ.എ വായിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, എ.ഡി.എം യൂസഫ്, ജമാഅത്തെ ഇസ്ലാമി കേരള അസി. അമീർ പി. മുജീബുറഹ്മാൻ, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി, പനമരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണ, പഞ്ചായത്ത് മെംബർ ജുൽന, വാദി ഹുദ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ എസ്.എ.പി സലാം, ടച്ച് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി. യു അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു.
ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി സ്വാഗതവും ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് ടി.പി. യൂനുസ് നന്ദിയും പറഞ്ഞു.
550 ചതുരശ്ര അടിയിൽ ആറര ലക്ഷം രൂപ ചെലവിലാണ് ഓരോ വീടും നിർമിച്ചത്. കുറിച്യർമലയിലെ 15 കുടുംബങ്ങളും പനമരം കബനി നദിക്കരയിലെ പത്ത് കുടുംബങ്ങളുമാണ് വീടുകളുടെ അവകാശികളായത്.