കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ ഒരാൾക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയിൽ നിന്ന് ട്രെയിൻ മാർഗം ജൂൺ
ഒന്നിന് കോഴിക്കോട്ടെത്തി പിന്നീട് ആംബുലൻസിൽ മക്കിയാട് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻന്റയിൻ സ്ഥാപനത്തിലെത്തിയ ശേഷം ക്വാറന്റയിനിൽ കഴിഞ്ഞു വന്ന മക്കിയാട് സ്വദേശിയായ 24 കാരനാണ് രോഗം സ്ഥിരീകരിച്ചത്.
ജൂൺ 5 ന് രോഗം സ്ഥിരീകരിച്ച 63 കാരനായ കൽപ്പറ്റ സ്വദേശി ഇന്നലെ രോഗമുക്തി നേടി. ഇദ്ദേഹത്തിന്റെ ഭാര്യ കോവിഡ് രോഗബാധിതയായിരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടിരുന്നു. ഇന്നലെ ഒരാൾക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ വയനാട്ടിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 56 ആയി.
രോഗം സ്ഥിരീകരിച്ച് 20 പേർ മാനന്തവാടി ജില്ലാ ആശുപത്രിയിലും ഒരാൾ കോഴിക്കോട് ബീച്ച് ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്.
സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിന്ന് 3257 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിൽ ഫലം ലഭിച്ച 2456 ൽ 2439 എണ്ണം നെഗറ്റീവും 17 എണ്ണം പൊസിറ്റീവുമാണ്.
വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരികെയെത്തി ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിലുള്ള 3002 ആളുകളെ ജില്ലാ കൊറോണ കൺട്രോൾ റൂമിൽ നിന്ന് നേരിട്ട് വിളിച്ച് ആരോഗ്യ സേവനങ്ങളും മരുന്നുകളും ഉറപ്പുവരുത്തുന്നുണ്ട്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ 244 പേർക്ക് കൗൺസലിംഗ് നൽകി. സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി വീടുകളിൽ കഴിയുന്ന 127 രോഗികൾക്ക് പരിചരണം നൽകി. ഇതിൽ 76 മുതിർന്ന പൗരന്മാരും ഉൾപ്പെടുന്നു.
കൊവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന 230 പേർ ശനിയാഴ്ച നിരീക്ഷണ കാലം പൂർത്തിയാക്കി.
യാത്രാ ഇളവ് അനുവദിക്കും
കൊവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന സമ്പൂർണ്ണ ലോക് ഡൗണിൽ നിന്ന് ആരാധനാലയങ്ങളിലേക്കും പരിക്ഷാ കേന്ദ്രങ്ങളിലേക്കും പോകുന്നവർക്ക് ഇളവ് അനുവദിച്ചു. മെഡിക്കൽ, ഡെന്റൽ കോളേജുകളിൽ പ്രവേശനത്തിന് പോകുന്നതിനും ഇളവുണ്ടാകും. അഡ്മിറ്റ് കാർഡ് പാസ് ആയി പരിഗണിക്കും.
പുതുതായി 329 പേർ നിരീക്ഷണത്തിൽ
നിലവിൽ നിരീക്ഷണത്തിലുള്ളത് 3690 പേർ
33 പേർ മാനന്തവാടി ജില്ലാ ആശുപത്രിയിൽ
2458 സാമ്പിളുകളിൽ 2058 ഫലം ലഭിച്ചു.