കടലുണ്ടി : ചാലിയം മത്സ്യ ബന്ധന കേന്ദ്രത്തിലെ ആൾക്കൂട്ടം ആശങ്ക ജനിപ്പിക്കുന്നു. സാമൂഹ്യ അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും മത്സ്യം വാങ്ങാനെത്തുന്നവരും വിൽപ്പനക്കാരും ലേലക്കാരും കാഴ്ചക്കാരും കൂട്ടം ചേരുന്നത് പതിവുകാഴ്ചയായിട്ടുണ്ട്. ചാലിയം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ പഞ്ചായത്ത് അധികൃതരെ അറിയിച്ചതുപ്രകാരം സ്ഥിരം സമിതി ചെയർമാന്മാരായ പിലാക്കാട്ട് ഷൺമുഖൻ, സി രമേശൻ, പഞ്ചായത്ത് അംഗങ്ങളായ ഹക്കീമ മാളിയേക്കൽ, ജമാൽ എന്നിവർ മത്സ്യ ബന്ധന കേന്ദ്രത്തിലെത്തി സ്ഥിതി വിലയിരുത്തി. മത്സ്യ ബന്ധന കേന്ദ്രത്തിലെ ആൾക്കൂട്ടം നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടറോടും പൊലീസിനോടും അവർ ആവശ്യപ്പെട്ടു. മത്സ്യത്തിന്റെ ചില്ലറ വിൽപ്പന ഒഴിവാക്കിയാൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനാവുമെന്നാണ് പരിസരവാസികൾ പറയുന്നത്.