സുൽത്താൻ ബത്തേരി: വീട്ടിൽ കറണ്ടില്ലാത്തതിനാൽ ഓൺലൈൻ പഠനം നടക്കുന്നില്ലെന്ന നിരഞ്ജനയുടെയും അർച്ചനയുടെയും പരാതിക്ക് കെ.എസ്.ഇ.ബി ഉടൻ പരിഹാരം കണ്ടെത്തി. ഇവരുടെ വീടുകളിൽ വൈദ്യുതി എത്തിച്ചാണ് കെ.എസ്.ഇ.ബി പരാതിക്ക് പരിഹാരം ഉണ്ടാക്കിയത്. ബത്തേരി കിടങ്ങിൽ ഡോൺബോസ്‌കോ കോളനിയിലെ കുട്ടൻ -രാധ ദമ്പതികളുടെ മക്കൾക്കാണ് വീട്ടിൽ വൈദ്യുതിയില്ലാത്തതിനാൽ പഠനം അസാദ്ധ്യമായത്. ഈ വിവരം അദ്ധ്യാപകർ കെ.എസ്.ഇ.ബിയെ അറിയിച്ചതോടെ യുദ്ധകാലാടിസ്ഥാനത്തിൽ വീട്ടിൽ വൈദ്യുതി എത്തിക്കുകയായിരുന്നു.
ഐ.എ.വൈ പദ്ധതിയിൽപ്പെടുത്തി നാല് വർഷം മുമ്പാണ് വീട് പണിതത്. വീടിന്റെ വയറിംഗ് ജോലികൾ പൂർത്തീകരിച്ചങ്കിലും വൈദ്യുതി കണക്ഷൻ ലഭിച്ചില്ല. ആറിലും മൂന്നിലും പഠിക്കുന്ന നിരഞ്ജനയ്ക്കും അർച്ചനയ്ക്കും ഓൺലൈൻ ക്ലാസ് കിട്ടുന്നുണ്ടോ എന്നറിയാൻ അദ്ധ്യാപകർ വീട്ടിലെത്തിയപ്പോഴാണ് കറണ്ട് ഇല്ലാത്തതിനാൽ പഠനം നടക്കാത്ത കാര്യം അറിയുന്നത്. ഇക്കാര്യം അദ്ധ്യാപകർ ഉടൻ തന്നെ വൈദ്യദതി വകുപ്പുദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ബത്തേരി ഈസ്റ്റ് കെ.എസ്.ഇ.ബി സെക്ഷനിലെ ജീവനക്കാർ കണക്ഷൻ നൽകാൻ നടപടിയെടുത്തത്.
എക്സിക്യൂട്ടീവ് എഞ്ചിനീയർ അബ്ദുൾ ഷുക്കൂർ, അസി.എഞ്ചിനീയർ രൻജിത്ത് ശങ്കർ എന്നിവർ കോളനിയിലെ വീട്ടിലെത്തി വയറിംഗ് പരിശോധന നടത്തി. ആവശ്യമായ കാര്യങ്ങൾ വില്ലേജ് അധികൃതർ ചെയ്തതോടെ വൈദ്യുതി കണക്ഷൻ പെട്ടന്ന് തന്നെ നൽകാനായി. വൈദ്യുതി കണക്ഷൻ ഇല്ലാത്തതിന്റെ പേരിൽ ആരുടെയും പഠനം മുടങ്ങരുത് എന്നതിനാലാണ് ഉടൻതന്നെ വൈദ്യുതി കണക്ഷൻ നൽകിയതെന്ന് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ പറഞ്ഞു.
ഫോട്ടോ
നിരഞ്ജനയുടെയും അർച്ചനയുടെയും വീട്ടിൽ വൈദ്യുതി കണക്ഷൻ നൽകാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാർ
നഗരസഭയിലെ ഓൺലൈൻ ക്ലാസുകൾ ഉദ്ഘാടനം ചെയ്തു
സുൽത്താൻ ബത്തേരി: ബത്തേരി നഗരസഭയിലെ വിവിധ വാർഡുകളിലെ ഓൺലൈൻ ക്ലാസുകളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി.എൽ.സാബു നിർവ്വഹിച്ചു. മൊബൈൽഫോണും ടെലിവിഷനുമില്ലാത്ത സ്ഥലങ്ങളിൽ എസ്.എസ്.എയുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ സംവിധാനങ്ങൾ ഒരുക്കിയാണ് ക്ലാസ് സജ്ജീകരിച്ചത്. നഗരസഭയുടെ കീഴിൽ വിവിധ സ്‌കൂളുകളിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും പഠനസഹായം ഒരുക്കികൊണ്ടാണ് ബത്തേരി നഗരസഭയും ബി.ആർ.സിയും ഓൺലൈൻ പഠനം ചിട്ടപ്പെടുത്തിയത്.