സുൽത്താൻ ബത്തേരി: കർണാടകയിൽ നിന്ന് മുത്തങ്ങ അതിർത്തി വഴി കേരളത്തിലേക്ക് കടക്കുന്നതിനായി വ്യാജ യാത്രാ പാസുമായി വന്ന ആറംഗ സംഘം പിടിയിൽ. വീരാജ്‌പേട്ട് സ്വദേശികളായ നാല് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് കല്ലൂർ ഫെസിലിറ്റേഷൻ സെന്ററിലെ പരിശോധനയിൽ പിടിയിലായത്. വിരാജ്‌പേട്ടയിൽ നിന്ന് പേരാമ്പ്രയിലെ ബന്ധുവീട്ടിലേക്ക്‌ പോകുന്നതിനായി എത്തിയതായിരുന്നു.
വീരാജ്‌പേട്ട സ്വദേശികളായ റിഷാദ് (35), ഫാത്തിമത്ത് ഷക്കിറ (29), ദക്ഷിണ കന്നഡ സ്വദേശികളായ അബുബക്കർ സിദ്ദിഖ്(33), മുഹമ്മദ് ഉനൈസ് (25), ഷാഹുൽ അമീർ (30), പേരാമ്പ്ര സ്വദേശി ഷറഫുന്നീസ (21) എന്നിവരാണ് പിടിയിലായത്. വ്യാജപാസുമായി അതിർത്തികടക്കാൻ ശ്രമിച്ചുവെന്നതിന് ഇവർക്കെതിരെ പൊലീസ്‌ കേസെടുത്ത് ജ്യാമത്തിൽ വിട്ടു. ഇവരെ കർണാടകയിലേക്ക് തന്നെ തിരിച്ചയയ്ക്കുകയും ചെയ്തു.
സംസ്ഥാനത്തേക്ക് പ്രവേശിക്കാനുള്ള കൊവിഡ് 19 ജാഗ്രത പാസിൽ കൃത്രിമം കാട്ടിയാണ്‌ രേഖകൾ ഉണ്ടാക്കിയത്. മുമ്പ് ഇതുവഴി കടന്നുപോയ ഇരിട്ടി സ്വദേശിയുടെ പാസിൽ പേരു മാത്രം മാറ്റിയാണ് കൃത്രിമം നടത്തിയത്. വിരാജ്‌പേട്ടയിൽ നിന്ന് 2000 രൂപ നിരക്കിൽ മലയാളികൾ തന്നെയാണ് ഇവർക്ക് യാത്രാ പാസ് നിർമ്മിച്ച് നൽകിയതെന്ന് ഇവർ പറഞ്ഞു.