കോഴിക്കോട്: അടിയന്ത ഘട്ടങ്ങളിൽ രോഗിക്ക് വേണ്ട രക്തത്തിനായി നെട്ടോട്ടമോടുന്ന ബന്ധുക്കൾക്ക് ആശ്വാസവുമായി ബ്ലഡ് ലൊക്കേറ്റർ ആപ്പ് റെഡി. യുവസംരഭകരായ തിരൂരങ്ങാടിയിലെ ഒ.സി. മുഹമ്മദ് അദ്‌നാൻ, പി. ആസിഫ്, കെ.വി. നൗഫൽ എന്നിവരാണ് ആരോഗ്യ രംഗത്ത് ലോകത്തിന് മാതൃകയാകുന്ന ഈ മാറ്റത്തിന്റെ അമരക്കാർ.
ഗൂഗിൾ പ്ലേസ്റ്റോറിലെ മെഡിക്കൽ രംഗത്തെ ട്രെൻഡിംഗ് അപ്ലിക്കേഷനിൽ ആദ്യപത്തിലാണ് 'ബ്ലഡ് ലൊക്കേറ്റർ". ഒപ്പം ഫൈവ് സ്റ്റാർ റേറ്റിംഗും. ഉപയോഗിക്കാനുള്ള എളുപ്പമാണ് ആറ് എം.ബി മാത്രം വലിപ്പമുള്ള അപ്ലിക്കേഷന്റെ പ്രത്യേകത. രക്തദാന രംഗത്തെ സംഘടനകളുമായും ആശുപത്രികളുമായും സഹകരിച്ചാണ് ബ്ലഡ് ലൊക്കേറ്റർ മൊബൈൽ ആപ്പ് തയാറാക്കിയത്.
പ്രവർത്തനം ഇങ്ങനെ
ആവശ്യമുള്ളവരുടെയും ദാതാക്കളുടെയും ജി.പി.എസ് ലൊക്കോഷൻ അടിസ്ഥാനമാക്കിയാണ് ലൊക്കേറ്റർ വിവരങ്ങൾ നൽകുന്നത്. രക്തം ആവശ്യമുണ്ടെന്ന് രേഖപ്പെടുത്താനും ലഭ്യമാകുന്ന നമ്പറിൽ നേരിട്ട് ചാറ്റ് ചെയ്യാനും കഴിയും. ഒരിക്കൽ നൽകിയവരെ പിന്നീട് മൂന്നുമാസത്തേക്ക് വിളിക്കാതിരിക്കാനും ക്രമീകരണമുണ്ട്.
രക്തം ആവശ്യമുള്ളവർക്ക് ആപ്പിൽ പബ്ലിഷ് ചെയ്യാം. ഏറ്രവും അടുത്തുള്ള രക്തദാതാക്കളെ ആപ്പ് കണ്ടെത്തും. കൂടുതൽ രക്തദാതാക്കളെ ഉൾപ്പെടുത്താനും സാധിക്കും. ആപ്ലിക്കേഷനിലെ കമ്മ്യൂണിറ്റി എന്ന ഒപ്ഷനിലൂടെ സംഘടനകൾക്ക് പ്രത്യേകമായി രക്തദാന ഗ്രൂപ്പ് രൂപികരിക്കാനും പങ്കാളിയാവാനും സാധിക്കും.