മാനന്തവാടി​: ജില്ലയിൽ എലിപ്പനി സ്ഥിരീകരിച്ച് ഈ മാസം ഒരാളും, രോഗലക്ഷണങ്ങളോടെ 11 പേരും ചികിത്സ നേടി. മെയ് മാസത്തിൽ 10 സ്ഥിരീകരിച്ച രോഗികളും, 14 പേർ രോഗ ലക്ഷണങ്ങളോടെയും ചികിത്സ തേടിയിട്ടുണ്ട്. കഴിഞ്ഞ മാസം എലിപ്പനി ലക്ഷണങ്ങളോടെ 2 പേർ മരണപ്പെടുകയും ചെയ്തു.
രോഗ ലക്ഷണങ്ങളോടെ ഈ വർഷം ചികിത്സ തേടിയ 211 പേരിൽ 4 പേരും മരിച്ചിരുന്നു.
തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്നവർ, ക്യഷിപ്പണിയിലേർപ്പെടുന്നവർ, മലിന ജലവുമായി സമ്പർക്കമുണ്ടാകുന്ന തൊഴിലാളികൾ , ശുചീകരണ തൊഴിലാളികൾ, മ്യഗ പരിപാലനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ തുടങ്ങിയവർ ആഴ്ചയിലൊരിക്കൽ ഡോക്സി സൈക്ലിൻ 200എംജി ഗുളിക 4 ആഴ്ച കഴിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇത് എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്.


കൈകാലുകളിലെയും ശരീരത്തിലെയും മുറിവ്, വ്രണം എന്നിവയിലൂടെ എലിപ്പനി രോഗാണു ശരീരത്തിൽ കടന്നാണ് രോഗമുണ്ടാകുന്നത്. വളംകടി പോലുള്ള ചെറിയ വ്രണങ്ങളിലൂ ടെയോ മുറിവിലൂടെയോ രോഗാണു ശരീരത്തിലേക്ക് പ്രവേശിക്കാം.
പ്രധാനമായും എലി മൂത്രത്തിൽ നിന്നാണ് രോഗാണു വെളളത്തിലും ഭക്ഷണത്തിലും കലരുന്നത്. ചെളിയിലും വെളളത്തിലും ഇറങ്ങി ജോലി ചെയ്യുന്നവർ കൈയ്യുറയും, കാൽമുട്ടുവരെ മൂടുന്ന ബൂട്ടും ധരിക്കണം. ജോലി കഴിഞ്ഞ് കൈകാലുകൾ സോപ്പും വെളളവും ഉപയോഗിച്ച് കഴുകണം. തുടക്കത്തിൽ ചികിത്സ ലഭിച്ചാൽ എലിപ്പനി പൂർണ്ണമായും ഭേദമാക്കാം.
എലിപ്പനി ബാധിതരിൽ മഞ്ഞപ്പിത്ത ലക്ഷണം കാണപ്പെടുന്നതിനാൽ ശരിയായ ചികിത്സ തക്കസമയത്ത് ലഭിച്ചില്ലെങ്കിൽ രോഗം ഗുരുതരമാകാനും, മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. എലിപ്പനി ബാധിത പ്രദേശങ്ങളിലുളളവർ പനി, ശരീര വേദന, തലവേദന, പേശീവേദന തുടങ്ങിയ പ്രാഥമിക ലക്ഷണങ്ങൾ കണ്ടാൽ തന്നെ സ്വയം ചികിത്സിക്കാതെ വിദഗ്ധ ചികിത്സ തേടണം. കണ്ണിൽ ചുവപ്പ് നിറമുണ്ടാകുന്നതും, മൂത്രത്തിന്റെ അളവ് കുറയുന്നതും എലിപ്പനി ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങളാണ്.