കോഴിക്കോട്: കൊവിഡ് രാജ്യത്ത് വ്യാപിക്കുന്ന അവസരത്തിൽ പെട്രോൾ,ഡീസൽ വില അടിക്കടി വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ സംസ്ഥാന സർക്കാറിനുള്ള പ്രതിഷേധം അറിയിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ കത്തയച്ചു. ഏഴു ദിവസം തുടർച്ചയായുള്ള വില വർദ്ധന ഗതാഗത മേഖലയേയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിക്കുന്നതായി കത്തിൽ ചൂണ്ടിക്കാട്ടി.
ലോകത്താകമാനം ക്രൂഡോയിൽ വില കുറഞ്ഞു കൊണ്ടിരിക്കുമ്പോൾ ഇന്ത്യയിൽ വില വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നത് വിരോധാഭാസമാണ്. ഡീസലിനും പെട്രോളിനും എക്സൈസ് തീരുവ വലിയ തോതിൽ വർദ്ധിപ്പിച്ച കേന്ദ്ര നടപടി അമ്പരപ്പ് ഉണ്ടാക്കുന്നു.
ക്രൂഡോയിലിന്റെ വില കുറഞ്ഞതിനനുസരിച്ച് ഇന്ധനവില കുറയ്ക്കുന്നതിന് എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകണമെന്നും വർദ്ധിപ്പിച്ച എക്സൈസ് ഡ്യൂട്ടി കുറയ്ക്കുന്നതിന് നടപടി ഉണ്ടാവണമെന്നും കത്തിൽ ആവശ്യപ്പെട്ടു.