രക്തദാനത്തിന്റെ മഹത്വം ഓരോ വർഷവും ഓർമ്മിക്കുന്നതിനും സന്നദ്ധ രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനുമാണ് ജൂൺ 14 രക്തദാന ദിനമായി ലോകമെമ്പാടും ആചരിക്കുന്നത്. 'സുരക്ഷിത രക്തം ജീവൻ രക്ഷ' എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ രക്തദാന ദിനാചരണം. ഓരോ വർഷവും ലോകമെമ്പാടും 11.74 കോടി യൂണിറ്റ് രക്തദാനം നടക്കുന്നുണ്ട്. ഇന്ത്യയിലെ കണക്കുകൾ പ്രകാരം 1.145 കോടി യൂണിറ്റ് രക്തദാനം നടക്കുന്നുണ്ടെങ്കിലും 19.5 ലക്ഷം യൂണിറ്റ് രക്തത്തിന്റെ കുറവ് അനുഭവപ്പെടുന്നു.

രക്തദാനത്തിലൂടെ പുതിയ രക്താണുക്കൾ രൂപപ്പെടുന്നതിനാൽ ഊർജ്ജസ്വലമായ ആരോഗ്യം വീണ്ടെടുക്കാൻ ഓരോ രക്തദാതാവിനും സാധിക്കും. രക്തദാനം കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ പുതിയ രക്താണുക്കൾ ഉത്പ്പാദിപ്പിക്കപ്പെട്ട് തുടങ്ങും. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ നഷ്ടപ്പെട്ട രക്താണുക്കൾ പൂർണമായും വീണ്ടെടുക്കപ്പെടുന്നു. ആരോഗ്യമുള്ള വ്യക്തികൾക്ക് രക്തദാനം ശാരീരികമായ നിരവധി ഗുണങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്. രക്തദാനത്തിലൂടെ ദാതാവിന് ഹൃദയത്തിന്റെ ആരോഗ്യം വീണ്ടെടുക്കുവാൻ കഴിയുന്നു. രക്തത്തിൽ ഇരുമ്പിന്റെ അംശം കൂടുന്നത് ഹൃദ്രോഗത്തിന് കാരണമാകാം. അതിനാൽ ഇരുമ്പിന്റെ അളവ് ശരീരത്തിൽ ക്രമീകരിക്കുന്നതിന് രക്തദാനം വളരെ ഉചിതമാണ്. കൂടാതെ കൃത്യമായ ഇടവേളകളിലുള്ള രക്തദാനം പക്ഷാഘാതത്തിന്റെ സാധ്യത കുറയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പ് / കൊളസ്‌ട്രോൾ, രക്തസമ്മർദ്ദത്തിന്റെ സാധ്യത എന്നിവ കുറയ്ക്കുന്നതിനും രക്തദാനം സഹായിക്കുന്നു. ഭാരതം രക്തത്തിന്റെ അപര്യാപ്തത നേരിടുന്ന ഈ സാഹചര്യത്തിൽ നമ്മൾ രക്തം ദാനം ചെയ്താൽ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കുവാൻ കഴിയൂ.

ഡോ. സുധ എം
ഡോ. അനു തോമസ്
ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ
മേയ്ത്ര ഹോസ്പിറ്റൽ
കോഴിക്കോട്.