police

മുക്കം: കാലവർഷം ആരംഭിച്ചതോടെ വിവിധയിടങ്ങളിൽ മോഷണം കൂടുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മുക്കം പൊലീസിന്റെ മുന്നറിയിപ്പ്. റസിഡന്റ്‌സ് അസോസിയേഷനുകളും ക്ലബുകളും കൂട്ടായ്മകളും മറ്റും ഇക്കാര്യത്തിൽ ബോധവത്കരണം നൽകണം. രാത്രിയിൽ കൃത്യമായ സമയം ക്രമീകരിച്ചു അലാറം പ്രവർത്തിപ്പിച്ച് എഴുന്നേറ്റ് വീടും പരിസരവും നിരീക്ഷിക്കണം. സംശയകരമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസ് സ്റ്റേഷനിൽ അറിയിക്കണം.

മുക്കം സ്റ്റേഷനിലെ നമ്പറും(0495 2297133) അടുത്ത വീടുകളിലെ നമ്പറും പെട്ടെന്ന് ഡയൽ ചെയ്യാൻ കഴിയും വിധം ഫോണിൽ സേവ് ചെയ്യണമെന്നും പൊലീസ് നിർദ്ദേശിച്ചു. സ്വർണവും പണവും വീട്ടിൽ സൂക്ഷിക്കാതിരിക്കാനും രാത്രിയിൽ ആഭരണങ്ങൾ ധരിച്ച് പുറത്തിറങ്ങുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കണം. റസിഡന്റ്‌സ് അസോസിയേഷനുകൾ കേന്ദ്രീകരിച്ചു സാധിക്കുന്നവർ നൈറ്റ്‌ വിഷൻ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണം. ഒരു കാമറയെങ്കിലും റോഡ് കാണത്തക്ക വിധത്തിൽ വയ്‌ക്കണം.

മറ്റ് നിർദ്ദേശങ്ങൾ

വീടുവിട്ടു പോകുന്നവർ പൊലീസ് സ്റ്റേഷനിലും അയലൽപക്കത്തും അറിയിക്കണം

 വീടിനു പുറത്തുള്ള ലൈറ്റുകൾ പ്രകാശിപ്പിക്കുകയും വേണം

 പരിചയമില്ലാത്ത വാഹനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ നമ്പർ പൊലീസ് സ്റ്റേഷനിൽ നൽകണം

 ശനിയാഴ്ച രാത്രി, വൈദ്യുതിയില്ലാത്ത രാത്രി, ശക്തമായ മഴയുള്ള രാത്രികൾ എന്നീ ദിവസങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണം.

 രാത്രി ഉറങ്ങുമ്പോൾ നന്നായി പ്രകാശിക്കുന്ന ടോർച്ചും മൊബൈൽ ഫോണും അടുത്തു സൂക്ഷിക്കണം

 വ്യാപാരി സംഘടനകളും അമ്പലക്കമ്മിറ്റികളും മറ്റും സ്വകാര്യ സെക്യൂരിറ്റി സംവിധാനം ഏർപ്പെടുത്തണം

 അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസ് സ്റ്റേഷനിലും വാട്സ് ആപ് ഗ്രൂപ്പിലൂടെ പ്രദേശവാസികളെയും അറിയിക്കണം

 പൊലീസ് എത്തുന്നതുവരെ സ്റ്റേഷനുമായി ബന്ധപ്പെടണം