news
വത്സരാജ് മണലാട്ട്

എടച്ചേരി: രക്തദാനമെന്നാൽ ജീവദാനമെന്ന് പറയാനാണ് ഇരിങ്ങണ്ണൂരിലെ പരേതനായ മണലാട്ട് ശങ്കരൻ നമ്പ്യാരുടെ മകൻ വത്സരാജ് മണലാട്ടിന് ഇഷ്ടം. 23 വർഷമായി രക്തദാന മേഖലയിൽ നിറഞ്ഞുനിൽക്കുന്ന വത്സരാജ് ബന്ധുക്കളും സുഹൃത്തുക്കളുമായ നിരവധി പേരെ രക്തദാതാക്കളുമാക്കി. 1997 മുതൽ രക്തം നൽകി തുടങ്ങിയതാണ്. മുൻ മന്ത്രി പി.ആർ കുറുപ്പിന്റെ അഡീഷണൽ പി.എ ആയി പ്രവർത്തിക്കുമ്പോൾ തിരുവനന്തപുരം ആർ.സി.സിയിൽ വെച്ചായിരുന്നു തുടക്കം. പിന്നീട് ശ്രീ ചിത്ര, തിരുവനന്തപുരം മെഡിക്കൽ കോളജ്, ആർ.സി.സി , കോഴിക്കോട് മെഡിക്കൽ കോളേജ്, വടകര, തലശ്ശേരി എന്നിവിടങ്ങളിലെ ആശുപത്രികളിലെല്ലാം രക്തദാന സന്നദ്ധതയോടെ വത്സരാജിന്റെ സാന്നിദ്ധ്യമുണ്ടായി. ഇതുവരെ 49 തവണ രക്തം നൽകിയിട്ടുണ്ട്. ജീവകാരുണ്യ സേവന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഇദ്ദേഹം പി.ആർ എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്‌കൂൾ ലാബ് അസിസ്റ്റന്റും ലോക് താന്ത്രിക്ക് യുവജനതാദൾ മണ്ഡലം പ്രസിഡന്റും എൽ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാണ്. ഇരിങ്ങണ്ണൂർ എൽ.പി സ്‌കൂൾ അധ്യാപിക ബിജിയാണ് ഭാര്യ. മകൻ ഹരിശങ്കർ.

ലോകരക്തദാനദിനമായ ഇന്ന് നാദാപുരം മണ്ഡലം മുസ്ലിം യൂത്ത്‌ ലീഗ് വത്സരാജിനെ ആദരിക്കും. നാദാപുരം ഓഫീസ് പരിസരത്ത് വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അഹമ്മദ് പുന്നക്കൽ പുരസ്ക്കാരം നൽകും.