കോഴിക്കോട്: കൊവിഡിൽ സ്കൂളുകൾ അടഞ്ഞുപോയെങ്കിലും അദ്ധ്യയന ദിനങ്ങൾ മുടങ്ങാതിരിക്കാൻ സംസ്ഥാന സർക്കാർ തുടക്കമിട്ട ഓൺലൈൻ പഠനം ഇന്നു മുതൽ രണ്ടാം ഘട്ടത്തിലേക്ക്.

ജില്ലയിലെ മുഴുവൻ കുട്ടികളെയും 'ക്ലാസ് മുറി'യിലെത്തിക്കാൻ ആവശ്യമായ ഓൺലൈൻ സൗകര്യം തയ്യാറാക്കി കഴിഞ്ഞു. വീട്ടിൽ സൗകര്യമില്ലാത്തവർക്ക് വിക്ടേഴ്‌സ് ചാനൽ വഴിയുള്ള പഠനത്തിന് ജില്ലയിൽ 650 കേന്ദ്രങ്ങളാണ് സജ്ജമാക്കിയത്. അങ്കണവാടി, ലൈബ്രറി, ബാങ്ക് ഓഡിറ്റോറിയം എന്നിവിടങ്ങൾ പഠന കേന്ദ്രങ്ങളാകും. ഒരു കേന്ദ്രത്തിൽ രണ്ടു മുതൽ പത്ത് വിദ്യാർത്ഥികൾക്കാണ് പഠന സൗകര്യം. സാമൂഹിക അകലം പാലിക്കണം. ർ

ഭൂരിപക്ഷം വിദ്യാർത്ഥികൾക്കും വീട്ടിൽ തന്നെയാണ് സൗകര്യം ഒരുക്കിയത്. ഇതിനായി സർക്കാർ സംവിധാനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, സംഘടനകൾ, വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ, വ്യക്തികൾ, ക്ലബുകൾ എന്നിവരെല്ലാം ടി.വിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കി. ഇന്റർനെറ്റ് ലഭ്യമല്ലാത്ത മേഖലകളിൽ ആവശ്യമായ സൗകര്യം ഏർപ്പെടുത്തി. ക്ലാസുകൾ റിക്കോർഡ് ചെയ്ത് കുട്ടികളിൽ എത്തിക്കുന്നതിനും സൗകര്യമൊരുക്കി. ഭിന്നശേഷിക്കാർക്കും ടി.വി സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

ഓരോ ക്ലാസിലെയും വിവിധ വിഷയങ്ങളുടെ പാഠ ഭാഗങ്ങൾ വിക്ടേഴ്‌സിന് പുറമെ ഇതര ഓൺലൈൻ സംവിധാനങ്ങളിലൂടെയും സംപ്രേഷണം ചെയ്യും. ക്ലാസുകൾ സംബന്ധിച്ച ചർച്ചയും സംശയ നിവാരണവും ക്ലാസ് വാട്‌സ് ആപ് ഗ്രൂപ്പുകളിൽ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടക്കും.

ഓൺലൈൻ പരിശീലനത്തിന്റെ സംഘാടനം, ഏകോപനം, മോണിറ്ററിംഗ് എന്നിവയ്ക്കായി ജില്ലാതലം മുതൽ സ്‌കൂൾ തലം വരെ വിവിധ സമിതികൾ പ്രവർത്തിച്ചുവരികയാണ്. ഓരോ വിദ്യാലയവും ഓൺലൈൻ പരിശീലനത്തിന്റെ ഫലം ഉറപ്പാക്കാൻ പഠന തെളിവുകൾ ശേഖരിക്കുന്നുണ്ട്. കുട്ടികളുടെ പഠന പുരോഗതി നിരന്തരം വിലയിരുത്തും. വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ ലഭ്യമാക്കാൻ വിദ്യാലയ തലത്തിൽ സംവിധാനമായി.

ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കിയതിന്റെ പ്രഖ്യാപനം മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കും.