# ഒരാൾക്ക് രോഗമുക്തി


കോഴിക്കോട്: സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരിൽ ഏറ്റവും കൂടുതൽ കോഴിക്കോട് ജില്ലയിൽ. എട്ട് പേരാണ് രോഗബാധിതരായത്. അഞ്ച് പേർ വിദേശത്ത് നിന്നും (യു.എ.ഇ 2, സൗദി 2, കുവൈത്ത് 1) മൂന്ന് പേർ ചെന്നൈയിൽ നിന്നും വന്നവരാണ്. അതെസമയം എറണാകുളത്ത് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി രോഗമുക്തി നേടി.

എട്ട് പേർ ഇവർ


#. ഒഞ്ചിയം സ്വദേശി (44 ): ജൂൺ ആറിന് സൗദിയിൽ നിന്ന് കരിപ്പൂർ വഴി നാട്ടിലെത്തി കൊവിഡ് പരിചരണ കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്നു. ഇപ്പോൾ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിൽ.
#. ഉണ്ണികുളം സ്വദേശി (38): മേയ് 22 ന് ഷാർജ-കരിപ്പൂർ വിമാനത്തിലെത്തി ലക്ഷണങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സ്രവപരിശോധനയിൽ രോഗം സ്ഥിരീകരിച്ചു.
#. കായണ്ണ സ്വദേശിനി (24): ജൂൺ നാലിന് ചെന്നൈയിൽ നിന്ന് ബസിൽ തൃശൂരിലെത്തി. അവിടെ നിന്ന് സ്വന്തം വാഹനത്തിൽ കോഴിക്കോട് വന്നു. കൊവിഡ് പരിചരണ കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്നു. സ്രവപരിശോധനയിൽ പോസിറ്റീവ്. ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.
#. ഒളവണ്ണ സ്വദേശികളായ സഹോദരങ്ങൾ (6 വയസ്സായ പെൺകുട്ടിയും 10 വയസ്സായ ആൺകുട്ടിയും): ജൂൺ നാലിന് പിതാവിനൊപ്പം ചെന്നൈയിൽ നിന്ന് ബസിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. സ്രവപരിശോധനയിൽ പോസിറ്റീവ്. ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിൽ. പിതാവ് നേരത്തെ പോസിറ്റീവായി ചികിത്സയിലാണ്.
#. കടലുണ്ടി സ്വദേശി (30) : ജൂൺ നാലിന് അബുദാബി- കൊച്ചി വിമാനത്തിൽ എത്തി. സർക്കാർ സജ്ജീകരിച്ച വാഹനത്തിൽ കോഴിക്കോടെത്തി കൊവിഡ് പരിചരണ കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്നു. സ്രവപരിശോധനയിൽ പോസിറ്റീവ്. ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.
#. കൊയിലാണ്ടി സ്വദേശി (50): ജൂൺ 12 ന് കുവൈറ്റ് - കോഴിക്കോട് വിമാനത്തിലെത്തി. രോഗലക്ഷണങ്ങളെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സ്രവപരിശോധനയിൽ പോസിറ്റീവ്.
#. ചങ്ങരോത്ത് സ്വദേശി (50): ജൂൺ 10 ന് സൗദിയിൽ നിന്ന് കണ്ണൂരിലെത്തി ടാക്‌സിയിൽ വീട്ടിൽ വന്ന് നിരീക്ഷണത്തിലായിരുന്നു. ലക്ഷണങ്ങളെ തുടർന്ന് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. സ്രവപരിശോധനയിൽ പോസിറ്റീവ്.

ഇതുവരെ 157

കൊവിഡ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 157 ആയി. രോഗമുക്തി നേടിയവർ 60. പോസിറ്റീവായ 96 പേർ ചികിത്സയിലുണ്ട്. ഇന്നലെ പുതുതായി 175 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. 8708 സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 8631 എണ്ണത്തിന്റെ ഫലം ലഭിച്ചു. 77 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

627 പേർ കൂടി നിരീക്ഷണത്തിൽ

ജില്ലയിൽ ഇന്നലെ 627 പേർ കൂടി നിരീക്ഷണത്തിൽ വന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.ജയശ്രീ അറിയിച്ചു. ആകെ 11, 342പേരാണ് നിരീക്ഷണത്തിലുള്ളത്. മെഡിക്കൽ കോളേജിൽ 90 പേരും ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ 75 പേരും ഉൾപ്പെടെ 165 പേരാണ് ആശുപത്രികളിൽ നീരീക്ഷണത്തിലുള്ളത് . 25 പേർ ആശുപത്രി വിട്ടു. നിരീക്ഷണത്തിലുള്ള 3538 പ്രവാസികളിൽ 3074 പേരും വീടുകളിലാണ്. 69 പേർ ആശുപത്രിയിലും. മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെൽപ്പ്ലൈനിലൂടെ 6 പേർക്ക് ഇന്നലെ കൗൺസലിംഗ് നൽകി.