കുന്ദമംഗലം:ചാത്തമംഗലം പുളിക്കുഴി കോളനിയിൽ താമസിക്കുന്ന പുറായിൽ വത്സരാജന്റെ വീട് നിർമ്മാണം സേവാഭാരതി പൂർത്തിയാക്കും. പ്രമേഹരോഗം മൂലം ഇടതു കാൽപാദം മുറിച്ചുമാറ്റി ഒന്നര വർഷമായി ജോലിക്ക് പോവാൻ കഴിയാതെചികിത്സയിൽ കഴിയുകയാണ് വത്സരാജൻ. ചാത്തമംഗലത്ത് ബാർബർ ജോലി ചെയ്തിരുന്ന ഇദ്ദേഹം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ധനസഹായത്തോടെ ആരംഭിച്ച വീട് നിർമ്മാണം പാതിവഴിയിലായി. ഭാര്യയും എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മകനും വാതിലുകൾപോലും ഇല്ലാത്ത നിർമ്മാണത്തിലിരിക്കുന്ന വീട്ടിലാണ് താമസം. ചാത്തമംഗലം സേവാഭാരതി പ്രവർത്തകർ ജില്ലാ സമിതി അംഗം ടി. സുബ്രഹ്മണ്യൻ മാസ്റ്ററുടെ നേതൃത്വത്തിൽ വീട് സന്ദർശിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയുമായിരുന്നു. അടിയന്തര സഹായമായി വീടിന് വാതിലുകൾ നിർമിച്ചു നൽകി. വീട് നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് സേവാഭാരതി ചാത്തമംഗലം യൂണിറ്റ് പ്രസിഡന്റ് എൻ.കെ.രവീന്ദ്രനാഥൻ അറിയിച്ചു.