പേരാമ്പ്ര: ഇന്റർനെറ്റിന്റെ കറക്കവും വൈദ്യുതിയുടെ ഒളിച്ചുകളിയും ഗ്രാമങ്ങളിലെ കുട്ടികളുടെ ഓൺലൈൻ പഠനം ഓഫ്‌ലൈനാകുന്നു. കല്പത്തൂർ, രാമല്ലൂർ, രയരോത്ത് മുക്ക്, വായനശാല, അഞ്ചാംപീടിക, കൊളോപ്പാറ, വെള്ളിലോട്, എടത്തുംഭാഗം, മമ്മിളിക്കുളം, കോഴിമുക്ക് പ്രദേശത്തുള്ള വിദ്യാർത്ഥികളാണ് 'സാങ്കേതിക തടസം' നേരിടുന്നവർ.
വിക്ടേഴ്‌സ് ചാനലിലെ ക്ലാസുകൾ സമയത്ത് കണ്ടില്ലെങ്കിൽ നഷ്ടപ്പെടുമെന്നതിനാൽ കുട്ടികൾ അനുഭവിക്കുന്ന ടെൻഷൻ ചെറുതല്ല. മഴക്കാലമായതിനാൽ കറണ്ട് പോകുന്നതും തിരിച്ചടിയായി. ടി .വിയും അനുബന്ധ ഉപകരണങ്ങളും ഇല്ലാത്ത നിരവധി വീടുകളും പ്രദേശങ്ങളിലുണ്ട്. ടി.വി വാങ്ങണമെങ്കിൽ പതിനയ്യായിരം രൂപയോളവും റീചാർജിന് മാസം 250 രൂപയും നൽകേണ്ടതിനാൽ സാമ്പത്തിക പ്രയാസം മൂലം ഇത്തരം സൗകര്യം ഉപേക്ഷിച്ചവരാണ് പലരും. മൊബൈൽ ഇന്റർനെറ്റ് ഉപയോഗിച്ച് യൂട്യൂബിലാണ് കുട്ടികളിൽ ഏറെപേരും ഓൺലൈൻ ക്ലാസുകൾ കാണുന്നത്. ഏത് സമയത്തും വീണ്ടും വീണ്ടും കാണാൻ സാധിക്കുമെന്ന സൗകര്യമാണ് കുട്ടികൾ പറയുന്നത്. മൊബൈൽ റീചാർജ് ചെയ്യാൻ 150 രൂപ മുതൽ 200 വരെ മാസം നൽകിയാലും മതി. എന്നാൽ ഇന്റർനെറ്റ് ലഭ്യത കുറവ് ഇവർക്കിടയിൽ വില്ലനാവുകയാണ്.