jellyfish
ജെല്ലി ഫിഷ്

കൊളത്തറ: പ്രളയ ദുരന്തങ്ങൾ മുന്നിൽ കണ്ട് കാലവർഷക്കെടുതി നേരിടാൻ ദുരന്ത നിവാരണ സേനയെ ഒരുക്കി ജെല്ലിഫിഷ്. ചെറുവണ്ണൂർ പൗരസമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ദുരന്തനിവാരണ സേന വളണ്ടിയർമാർക്കാണ് ജെല്ലിഫിഷ് വാട്ടർ സ്‌പോർട്‌സും മീഞ്ചന്ത അഗ്നിശമന സേനയും സംയുക്തമായി പരിശീലനം നൽകിയത്. അമ്പതോളം വളണ്ടിയർമാർ പരിശീലനത്തിൽ പങ്കെടുത്തു.

ജെല്ലിഫിഷ് ജനറൽ മാനേജർ എ.കെ.ശ്രീജിത്ത്, ചെറുവണ്ണൂർ വില്ലേജ് ഓഫീസർ സി. കെ.സുരേഷ് കുമാർ, സബ് ഇൻസ്‌പെക്ടർ സി.കെ.അരവിന്ദൻ, പൗരസമിതി പ്രസിഡന്റ് കെ.ഉദയകുമാർ, സെക്രട്ടറി എം.ഗോപാലകൃഷ്ണൻ, ഉപദേശക സമിതി അംഗം ഫാദർ ഫ്രാൻസെൻ ചേരമാൻ തുരുത്തിൽ എന്നിവർ നേതൃത്വം നൽകി.

ജെല്ലി ഫിഷ് സീനിയർ ട്രെയിനർ പ്രസാദ് തുമ്പാണി, ചീഫ് ലൈഫ് ഗാർഡ് നജീബ് റഹമാൻ, മീഞ്ചന്ത അഗ്നിശമന സേന എസ്. ടി. ഒ വി.പി.വിശ്വാസ്, ലീഡിംഗ് ഫയർമാൻ ഇ. സിയാബുദ്ദിൻ എന്നിവർ പരിശീലനം നൽകി.

ഓസ്‌ട്രേലിയൻ കയാക്കിംഗ് താരം സാൻഡി റോബ്‌സന്റെ നേതൃത്വത്തിൽ ജനുവരിയിൽ ജെല്ലിഫിഷിൽ ഇത്തരം പരിശീലനം നടത്തിയിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് ജില്ലയ്ക്കകത്തും പുറത്തും ജെല്ലിഫിഷ് വാട്ടർ സ്‌പോർട്‌സ് ലൈഫ് ഗാർഡിന്റെ രക്ഷാപ്രവർത്തനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പരിശീലനം ഇങ്ങിനെ

# തോണിയും കയാക്കുകളും ശരിയായ രീതിയിൽ തുഴയൽ

# പ്രളയത്തിൽ അകപ്പെട്ടവർക്ക് രക്ഷാ സാമഗ്രികൾ നൽകൽ

# സുരക്ഷിതമായി ദുരിതാശ്വാസ കേന്ദ്രങ്ങളിൽ എത്തിക്കൽ

# കുട്ടികളെയും, രോഗ ബാധിതരെയും രക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ