കുന്ദമംഗലം: കൊവിഡ് ഭീതിയിൽ നാടാകെ അടഞ്ഞതോടെ പ്രതിസന്ധിയിലായത് കലാപഠന വിദ്യാലയങ്ങൾ. സംഗീതവും നൃത്തവും ചിത്രകലയും ഉപകരണ സംഗീതവും പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ അടച്ചിട്ട് മൂന്നുമാസം പിന്നിട്ടു. എന്നുതുറക്കുമെന്നോ, തുറന്നാൽ കുട്ടികൾ വരുമെന്നോ പറയാനാവാത്ത അനിശ്ചിതത്വം. സ്കൂൾ തുറക്കുന്നതോടെ സ്വകാര്യ കലാപഠന വിദ്യാലയങ്ങളും തുറക്കാൻ കഴിഞ്ഞേക്കുമെങ്കിലും നിലവിലെ പ്രതിസന്ധി മറികടക്കാനാവില്ലെന്നാണ് സ്ഥാപനം നടത്തിപ്പുകാർ പറയുന്നത്. ദൈനംദിനചിലവുകൾക്ക് പുറമെ വാടക നൽകാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പലരും. കലാപഠനത്തിലെ ഓൺലൈൻ സാദ്ധ്യതകൾ ഇവർ ആലോചിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ പ്രതിസന്ധിക്ക് അതും പരിഹാരമാവില്ല. സ്കൂൾ കലോത്സവങ്ങളെ ആശ്രയിച്ചാണ് മിക്ക സ്ഥാപനങ്ങളും നിലനിൽക്കുന്നത്. എന്നാൽ സിലബസും പഠന സമയങ്ങളും വെട്ടിക്കുറക്കുന്ന കൂട്ടത്തിൽ ഈ വർഷം കലോത്സവങ്ങളും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ഇവർ പറയുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ സർക്കാർ ഭാഗത്ത് നിന്ന് അടിയന്തര സഹായം പ്രതീക്ഷിക്കുകയാണ് മിക്കവരും.

സംഗീത-ചിത്രകലാ വിദ്യാലയങ്ങൾ വഴിമുട്ടി നിൽക്കുകയാണ്. ഈ മേഖലയിലുള്ളവർക്ക് അടിയന്തര സാമ്പത്തിക സഹായം അനിവാര്യമാണ്. കലാകാരന്മാർക്ക് പ്രഖ്യാപിച്ച തുക ഇത്തരം സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്ന കലാകാരന്മാർക്കും ലഭ്യമാക്കണം.

കിഷോർ എസ്.കെ, മീഞ്ചന്ത

ലോക്ക് ഡൗൺ കാലത്ത് ആയിരക്കണക്കിന് ചിത്രകാരന്മാർ ദുരിതത്തിലാണ്. അക്കാദമികൾ ഇത്തരം ചിത്രകാരന്മാരിൽ നിന്ന് ചിത്രങ്ങൾ വിലകൊടുത്ത് ശേഖരിക്കാൻ തയ്യാറായാൽ വലിയ ആശ്വാസമാകും. ശേഖരിക്കുന്ന ചിത്രങ്ങൾ പിന്നീട് സർക്കാർ ഓഫീസുകളിലും മന്ദിരങ്ങളിലും പ്രദർശിപ്പിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം.

ഗുരുകുലം ബാബു കോഴിക്കോട്

സ്ഥാപനങ്ങൾ തുറന്നാലും സാമൂഹിക അകലം പാലിച്ച് കലാപഠനം നടത്താനുള്ള ഭൗതിക സാഹചര്യം മിക്കയിടത്തുമില്ല. മാസ്ക് ധരിച്ച് എങ്ങനെയാണ് സംഗീതവും നൃത്തവും അഭ്യസിപ്പിക്കുക.

ഷൈൻ കെവിഎസ് കുന്ദമംഗലം

റേഷനരികൊണ്ടാണ് ജീവിതം മുന്നോട്ട് പോകുന്നത്. ഗാനമേള, ഗസൽ, തബല, ഹാർമോണിയം, പക്കമേളക്കാർ, മേക്കപ്പ് ആർട്ടിസ്റ്റുകൾ എല്ലാവരും പട്ടിണിയിലാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇവരെ സഹായിക്കാനാവും. അതിനുള്ള നടപടികൾ എത്രയും വേഗത്തിൽ സ്വീകരിക്കണം

ലയനം സലീം മുക്കം