വടകര: അഴിയൂർ ഗ്രാമപഞ്ചായത്തിൽ പഠന സൗകര്യമില്ലാത്ത 56 കുട്ടികൾക്കും ഇതര സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിനായി 18 അയൽപ്പക്ക പഠന കേന്ദ്രങ്ങൾ ആരംഭിക്കും. അംഗൻവാടികൾ, വായനശാലകൾ, മറ്റ് പൊതു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. ഇതിനായി അദ്ധ്യാപകർക്ക് ചുമതല നൽകി. കേന്ദ്രങ്ങളിൽ പഞ്ചായത്ത്, എം.എൽ.എ ഫണ്ട്, സ്പോൺസർഷിപ്പ് എന്നിവയിലൂടെ ടി.വി സൗകര്യം ഏർപ്പെടുത്തും. ലോക്കൽ കേബിൾ ഓപ്പറേറ്റർമാരുടെ സഹായത്തോടെയായിരിക്കും കേബിൾ കണക്ഷൻ നൽകുക. പഞ്ചായത്ത് തല ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് മുക്കാളി പതിനൊന്നാം വാർഡിലെ പഠന കേന്ദ്രമായ മഹാത്മ വായനശാലയിൽ പ്രസിഡന്റ് വി.പി.ജയൻ നിർവഹിക്കും.