home

രാമനാട്ടുകര​:​ ചുറ്റും ​ ​മലിനജലം കെട്ടിക്കിടക്കുന്നത് കാരണം വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് രാമനാട്ടുകര മുട്ടിയറ റോഡിലെ ചെങ്ങോട്ട് പൂന്തോട്ടത്തിൽ രാമ​ചന്ദ്രനും കുടുംബവും. സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ ഏക്കറോളം വരുന്ന ഭൂമി മണ്ണിട്ടു നികത്തിയതാണ് വീടിന് ചുറ്റും മലിനജലം കെട്ടിക്കിടക്കാൻ കാരണമായത്.

അതിനിടെ വെള്ളം ഒഴുകിയചാല്‍ അടഞ്ഞതും താഴ്‌ന്ന പ്രദേശങ്ങള്‍​ ​നികത്തിയതും സ്ഥിതി ഗുരുതരമാക്കി. മഴ കനത്താൽ വീട്ടിൽ വെള്ളം കയറും.

കിണറ്റിലേക്ക് മലിന ജലം ഊർന്നിറങ്ങിയതോടെ കുടിവെള്ളവും ഇല്ലാതായി. ഒപ്പം കർച്ചവ്യാധി ഭീഷണിയും നേരിടുന്നുണ്ട്. മുതിർന്നവരും കുട്ടികളുമുൾപ്പെടെ 10 പേർ മലിന ജലത്തിലൂടെയാണ് യാത്ര ചെയ്യുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിന് ദുര്‍ഗന്ധവും കൊതുകു ശല്യവും രൂക്ഷമാണ്. കൂടാതെ വീട്ടിലേക്കുള്ള വഴിയും വെള്ളിത്തിലായി.

20 വർഷമായി രാമചന്ദ്രൻ ഇവിടെയാണ് താമസിക്കുന്നത്. എന്നാൽ മൂന്ന് വർഷം മുമ്പ് സമീപത്തെ ഭൂമിയിൽ മണ്ണിട്ടതോടെയാണ് മഴക്കാലത്ത് വീട്ടിൽ വെള്ളക്കെട്ട് പതിവായത്. പ്രശ്ന പരിഹാരത്തിന് ജില്ലാ കലക്ടർ, ​വി​ല്ലേജ് ഓഫീസ്, രാമനാട്ടുകര നഗരസഭ സെക്രട്ടറി, ആർ.ടി.ഒ തുടങ്ങിയവർക്ക് പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്നാണ് വീട്ടുകാർ പറയുന്നത്.