കോഴിക്കോട്: സൗദി അറേബ്യയിലെ മലയാളികൾക്ക് തിരിച്ചെത്താൻ കൂടുതൽ വിമാന സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി എന്നിവർക്ക് കത്തയച്ചു. 21 വിമാനങ്ങൾ മാത്രമാണ് സൗദിയിൽ നിന്ന് കേരളത്തിലേക്ക് വന്നത്. ഗർഭിണികളും പ്രായമായവരും ജോലി നഷ്ടപ്പെട്ടവരും ഉൾപ്പെടെ 60000 പേർ മടങ്ങാൻ കാത്തു നിൽക്കുന്നു. 14 ലക്ഷം മലയാളികളുള്ള സൗദിയിലേക്ക് മറ്റു രാഷ്ട്രങ്ങളിലേക്ക് അനുവദിച്ച വിമാനങ്ങളുടെ എണ്ണം താരതമ്യം ചെയ്താൽ കുറവാണ്. ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്‌സിറ്റിയിൽ ഉപരി പഠനത്തിനു പോയ ഇന്ത്യൻ വിദ്യാർത്ഥികൾ ആശങ്കയിലാണ്. വരാനിരിക്കുന്ന വിമാന ചാർജ് കൂടുതലായതിനാൽ വിദ്യാർഥികളെന്ന പരിഗണന നൽകി സൗജന്യമായോ, ചെറിയ നിരക്കിലോ നാട്ടിലെത്തിക്കാൻ സംവിധാനമുണ്ടാക്കണമെന്നും കാന്തപുരം കത്തിൽ അഭ്യർത്ഥിച്ചു.