നാദാപുരം: നരിപ്പറ്റ തരിപ്പ മലയിൽ കാട്ടാനക്കൂട്ടം വനവാസികളുടെ കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ഏക്കർ കണക്കിന് ഭൂമിയിലെ തെങ്ങ്, കവുങ്ങ്, റബർ , വാഴ തുടങ്ങിയവ നശിപ്പിച്ചത്. എടാൻ കുഞ്ഞാൻ, എടാൻ കേളപ്പ, ബിനീഷ്, ടി.കെ.ചന്ദ്രൻ, ടി.കെ.രാജൻ, വായാട് ചന്തു, സാബു, കുട്ടിയാരപ്പ എന്നിവരുടെ കൃഷി ഭൂമിയിലാണ് കാട്ടാനക്കൂട്ടം എത്തിയത്. നരിപ്പറ്റ, വാണിമേൽ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പ്രദേശത്താണ് കൂടുതൽ നാശം ഉണ്ടായത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി വനവാസികൾ പറഞ്ഞു. കർഷകർക്ക് നഷ്ട പരിഹാരം നൽകണമെന്ന് ഊരുമൂപ്പൻ നടുവിൽ പുരയിൽ ചന്തു ആവശ്യപ്പെട്ടു.