കൽപ്പറ്റ: വനഭാഗങ്ങളിലൂടെ പോകുന്ന പ്രധാന റോഡുകളിൽ വരമ്പ് വെച്ച് യാത്രാസൗകര്യം തടസപ്പെടുത്താനുള്ള വനംവകുപ്പിന്റെ നടപടികൾ അംഗീകരിക്കാനാവില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാകമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ നൽകിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് 18ന് രാവിലെ ബത്തേരി വനംവന്യജീവി കാര്യാലയത്തിന് മുമ്പിൽ വ്യാപാരികൾ ധർണ നടത്തും. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞുകൊണ്ട് പാതകളിൽ വരമ്പുകൾ നിർമ്മിക്കാൻ വനംവകുപ്പ് തുനിഞ്ഞാൽ ശക്തമായി ചെറുക്കും. ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായി ജനവാസകേന്ദ്രങ്ങളിൽ വരുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ ഒന്നും ചെയ്യാൻ കഴിയാത്ത വനംവകുപ്പ് വന്യമൃഗങ്ങൾക്ക് വേണ്ടി ജില്ല ആകമാനം അടച്ചിട്ട് ജനങ്ങളെ ഒറ്റപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് സമിതി കുറ്റപ്പെടുത്തി.
രാത്രിയാത്രാ നിരോധനം നിലനിൽക്കുമ്പോൾ ദുരിതത്തിന് മുകളിൽ വീണ്ടും ദുരന്തം സമ്മാനിക്കുന്നതാണ് ഈ തീരുമാനമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലാപ്രസിഡന്റ് കെ.കെ.വാസുദേവൻ, ജനറൽ സെക്രട്ടറി ഒ.വി.വർഗീസ്, ട്രഷറർ ഹൈദ്രു, സെക്രട്ടറി സാബു അബ്രഹാം എന്നിവർ പങ്കെടുത്തു.