ജില്ലയിലേക്ക് എത്തിയത് 598 പ്രവാസികൾ

മടങ്ങിയത് 4938 അന്യസംസ്ഥാന തൊഴിലാളികൾ

കൽപ്പറ്റ: കൊവിഡിന്റെ സമൂഹവ്യാപനം തടയുന്നതിലും നിരീക്ഷണ സംവിധാനമൊരുക്കുന്നതിലും കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് ജില്ലയിൽ നടക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ഭൂരിഭാഗം മേഖലകളിലും നിയന്ത്രണങ്ങൾ ഒഴിവാക്കിയ സാഹചര്യത്തിൽ ആരും ഇളവുകൾ ദുരുപയോഗം ചെയ്യരുത്. ജാഗ്രത തുടരണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് കളക്‌ട്രേറ്റിൽ ചേർന്ന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
സമൂഹ വ്യാപന പരിശോധന നടത്തുന്നതിന്റെ ഭാഗമായി ജില്ലയിൽ ഇതുവരെ മുന്നൂറ്റമ്പതോളം ആന്റി ബോഡി ടെസ്റ്റുകൾ നടത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക അറിയിച്ചു. ജില്ലയിലെ ഡോക്ടർമാർ ഉൾപ്പെടെയുളള ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് കെയർ സെന്ററായി മാറ്റിയ മാനന്തവാടി ജില്ലാ ആശുപത്രിയിൽ റൊട്ടേഷൻ പ്രകാരം ജോലി ചെയ്യുന്നതിനുളള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
മുത്തങ്ങ അതിർത്തി വഴി നിലവിൽ ദിവസേന നാനൂറോളം ആളുകൾ ജില്ലയിലേക്ക് പ്രവേശിക്കുന്നുണ്ട്. പാസിൽ കൃത്രിമം കാണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് മന്ത്രി നിർദ്ദേശം നൽകി. വാഹനങ്ങൾ റാൻഡം പരിശോധന നടത്തണം.
യോഗത്തിൽ സി.കെ ശശീന്ദൻ എം,എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള, ജില്ലാ പൊലീസ് മേധാവി ആ.ഇളങ്കോ, അസിസ്റ്റന്റ് കളക്ടർ ഡോ.ബൽപ്രീത് സിങ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക,വി.എ മജീദ് തുടങ്ങിയവർ പങ്കെടുത്തു.


515 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി
കൽപ്പറ്റ: കൊവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന 515 പേർ തിങ്കളാഴ്ച നിരീക്ഷണ കാലം പൂർത്തിയാക്കി. പുതുതായി നിരീക്ഷണത്തിലായ 249 പേർ ഉൾപ്പെടെ നിലവിൽ 3419 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 34 പേർ ജില്ലാ ആശുപത്രിയിലാണ് നിരീക്ഷണത്തിലുളളത്. ജില്ലയിൽ നിന്ന് ഇതുവരെ പരിശോധനയ്ക്ക് അയച്ച 2545 ആളുകളുടെ സാമ്പിളുകളിൽ 2114 എണ്ണത്തിന്റെ ഫലം ലഭിച്ചു. 426 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി 3407 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ഫലം ലഭിച്ച 2788 ൽ 2771 എണ്ണം നെഗറ്റീവാണ്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ 210 പേർക്ക് കൗൺസലിംഗ് നൽകി.