കോഴിക്കോട്: ജില്ലയിൽ ആറു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ അഞ്ചു പേരും വിദേശത്ത് നിന്നെത്തിയവരാണ്. ഒരാൾ ഡൽഹിയിൽ നിന്നും. ഇന്നലെ നാലു പേർ രോഗമുക്തരായി.
കോടഞ്ചേരി, കൊയിലാണ്ടി, ഒഞ്ചിയം, മണിയൂർ, കാവിലുംപാറ സ്വദേശികൾക്കാണ് ഇന്നലെ കൊവിഡ് സ്ഥരീകരിച്ചത്.
1. കോടഞ്ചേരി സ്വദേശിനി (24) മേയ് 22 ന് ന്യൂഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗം കോഴിക്കോട്ടെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. പോസിറ്റീവായതോടെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ (എഫ്.എൽ.ടി.സി) ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റി.
2. കൊയിലാണ്ടി സ്വദേശി (65) ജൂൺ നാലിന് ഖത്തറിൽ നിന്ന് കണ്ണൂരിലിറങ്ങിയ ശേഷം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
3. ഒഞ്ചിയം സ്വദേശി (40) ജൂൺ 11 ന് കുവൈത്തിൽ നിന്ന് കൊച്ചിയിൽ ഇറങ്ങി. തുടർന്ന് ഒഞ്ചിയത്തെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ചികിത്സയ്ക്കായി എഫ്.എൽ.ടി.സി യിലേക്ക് മാറ്റി.
4 & 5 മണിയൂർ സ്വദേശികളായ സഹോദരങ്ങൾ (50, 45) ജൂൺ ആറിന് ബഹ്‌റൈനിൽ നിന്നു വിമാനത്തിൽ കരിപ്പൂരിലെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഇരുവരെയും ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
6. കാവിലുംപാറ സ്വദേശി (50) ജൂൺ 10 ന് സൗദിയിൽ നിന്നു കണ്ണൂരിലിറങ്ങിയ ശേഷം ടാക്‌സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ഇദ്ദേഹത്തെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശി (48), എഫ്.എൽ.ടി.സിയിൽ ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശി (48), താമരശേരി സ്വദേശി (27), കല്ലാച്ചി സ്വദേശി (39) എന്നിവരാണ് ഇന്നലെ രോഗമുക്തരായത്.
ജില്ലയിലെ കൊവിഡ് ബാധിതർ
ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടവർ - 163
രോഗമുക്തർ - 64
ചികിത്സയിൽ തുടരുന്നവർ - 98
മരണം - 1
കൂടുതൽ പേർ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ
ജില്ലയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലാണ് ഇപ്പോൾ കൂടുതൽ പേർ ചികിത്സയിലുള്ളത്. 71 പേരുണ്ട് ഇവിടെ. 20 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും മൂന്ന് പേർ കണ്ണൂരിലും മൂന്നു പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
നാല് കണ്ണൂർ സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഒരു വയനാട് സ്വദേശിയും കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലുണ്ട്.