കൽപ്പറ്റ: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ വാണിജ്യ, വാണിജ്യേതര സ്ഥാപനങ്ങൾ പാലിക്കേണ്ട ആരോഗ്യ മാർഗ്ഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനാണ് നിർദേശങ്ങൾ നൽകിയത്.
1. ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച നിയന്ത്രണങ്ങൾ ഉൾപ്പെടുത്തി സ്ഥാപനത്തിന്റെ പ്രധാന സ്ഥലത്ത് നോട്ടീസ് ബോർഡ് സ്ഥാപിക്കണം. പനി,ചുമ,ശ്വാസ തടസ്സം എന്നീ ലക്ഷണങ്ങളുളള ജീവനക്കാർ/ഉപഭോക്താവ് സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ പാടില്ല. വ്യാപാര സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിക്കണം. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ, 10 വയസ്സിൽ താഴെയുള്ള കുട്ടികൾ എന്നിവരെ സ്ഥാപന സന്ദർശനത്തിൽ നിന്ന് ഒഴിവാക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ അടങ്ങിയതായിരിക്കണം നോട്ടീസ്.

2.സ്ഥാപനങ്ങളിൽ സാനിറ്റൈസർ, കൈ വൃത്തിയാക്കുന്നതിനുള്ള സൗകര്യം എന്നിവ ലഭ്യമാക്കുകയും ജീവനക്കാർ മാസ്‌ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം.
3. സ്ഥാപനങ്ങളിൽ എത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിന് മുൻകൂർ അപ്പോയിൻമെന്റ്, ക്യൂ സിസ്റ്റം എന്നിവ ഏർപ്പെടത്തണം.

4. വെയിറ്റിംഗ് ഏരിയകളിൽ ഉപഭോക്താക്കൾക്ക് സാമൂഹിക അകലം പാലിച്ച് ഇരിക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തുകയും ആശയവിനിമയം നടത്തുന്നതിന് ഇടയിലായി കണ്ണാടി, സുതാര്യമായ ഫൈബർ കൊണ്ടുള്ള സ്‌ക്രീനുകൾ എന്നിവ സ്ഥാപിക്കേണ്ടതുമാണ്.
5. അടുക്കള, ശുചിമുറി എന്നിവിടങ്ങളിൽ എക്സ്‌ഹോസ്റ്റ് ഫാനുകൾ പ്രവർത്തിപ്പിക്കണം.
6. സ്ഥാപനത്തിലെ വായു സഞ്ചാരം ഉറപ്പാക്കുന്നതിന് എല്ലാ വാതിലുകളും, ജാലകങ്ങളും തുറന്നിടണം. എയർ കണ്ടീഷണർ ഉപയോഗിക്കുന്നെങ്കിൽ മണിക്കൂറിൽ ആറ് എയർ കറന്റ് എക്സ്‌ചേഞ്ചുകളെങ്കിലും ഉറപ്പാക്കുകയും വാതിലുകളും ജാലകങ്ങളും ഇടയ്ക്കിടെ തുറന്നിടേണ്ടതുമാണ്. മുറിക്കുള്ളിലെ താപനില 24 ഡിഗ്രീ സെൽഷ്യസിലും അന്തരീക്ഷാർദ്രത 40 മുതൽ 70 ശതമാനം വരെയും ആയി നിലനിർത്തണം.
7. രോഗ ലക്ഷണമുള്ള ജീവനക്കാരെ ജോലിയിൽ നിന്ന് മാറ്റി നിർത്തേണ്ടതും ആരോഗ്യ പരിരക്ഷ തേടേണ്ടതുമാണ്.

8. സ്ഥാപനത്തിൽ കൂടുതലായി സ്പർശനമേൽക്കുന്ന വാതിൽ പിടി, കൗണ്ടറുകൾ, പേന, മേശകൾ, കസേരകൾ തുടങ്ങിയവ ഒരു ശതമാനം സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി അല്ലെങ്കിൽ ഒരു ലിറ്റർ വെള്ളത്തിൽ 30 ഗ്രാം ബ്ലീച്ചിംഗ് പൊടി ഉപയോഗിച്ചോ തത്തുല്യമായ ലായനി ഉപയോഗിച്ചോ ഓരോ മണിക്കൂർ ഇടവിട്ട് അണുവിമുക്തമാക്കണം.
9. ജീവനക്കാർ ഉപഭോക്താവുമായി ഇടപെട്ട ശേഷം സാനിറ്റൈസർ ഉപയോഗിച്ചോ, സോപ്പ് ഉപയോഗിച്ചോ കൈകൾ ശുചിയാക്കണം.
10. പേനകൾ പൊതുവായി ഉപയോഗിക്കുന്നതും പങ്കിടുന്നതും ഒഴിവാക്കണം.
11. ഉമിനീർ ഉപയോഗിച്ച് വിരലുകൾ നനച്ച് പണം എണ്ണരുത്.
12. ഡിജിറ്റൽ ഇ വാലറ്റ്, യു.പി.ഐ അല്ലെങ്കിൽ ഡെബിറ്റ് കാർഡ് പോലുള്ള പണമിടപാട് രീതികൾ പ്രോത്സാഹിപ്പിക്കണം.
13. ഡിസ്‌പ്ലേകളിലും മറ്റ് ഉപരിതലങ്ങളിലും ഉപഭോക്താക്കൾ അനാവശ്യമായി സ്പർശിക്കരുതെന്ന് നിർദേശം നൽകണം.
14. ഓരോ മണിക്കൂറിലും അണുനാശിനി ഉപയോഗിച്ച് ലിഫ്റ്റ് ബട്ടണുകൾ, എക്സലേറ്റർ ഹാൻഡ് റെയിലുകൾ എന്നിവ വൃത്തിയാക്കണം.
15. കുടിവെള്ളം, ചായ തുടങ്ങിയ പാനീയങ്ങൾ വിതരണം ചെയ്യുന്നതിന് ഡിസ്‌പോസിബിൾ പേപ്പർ കപ്പുകൾ ഉപയോഗിക്കണം.