പുൽപ്പള്ളി: പുൽപ്പള്ളി സഹകരണ ബാങ്കിൽ നടന്ന വായ്പ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട 7,26,22,924 രൂപ മുൻ പ്രസിഡന്റ് കെ.കെ.അബ്രഹാം, മുൻ ഭരണ സമിതി അംഗങ്ങൾ, മുൻ സെക്രട്ടറി കെ.ടി.രമാദേവി, മുൻ ഇന്റേണൽ ആഡിറ്റർ പി.യു.തോമസ് എന്നിവരിൽ നിന്ന് സഹകരണ നിയമപ്രകാരം ഈടാക്കാൻ ഉത്തരവായി. തുക രണ്ട് മാസത്തിനകം അടച്ചില്ലെങ്കിൽ ഇവരുടെ സ്വത്തുക്കളിൽ നിന്ന് ജപ്തി ചെയ്ത് ഈടാക്കും.
കെ.പി.സി.സി ജനറൽ സെക്രട്ടറിയായ കെ.കെ.അബ്രഹാം ആയിരുന്നു പ്രസിഡന്റ്. ക്രമക്കേട് കണ്ടതിനെ തുടർന്ന് ബാങ്ക് ഭരണ സമിതിയെ 2018 ഡിസമ്പറിൽ പിരിച്ച് വിടുകയായിരുന്നു.
നിലവിൽ ബത്തേരി യൂണിറ്റ് ഇൻസ്‌പെക്ടർ പി.കെ.വിജയൻ അഡ്മിനിസ്ട്രറ്ററായാണ് ഭരണം നടത്തുന്നത്. സഹകരണ വകുപ്പ് സ്വീകരിച്ച എല്ലാ നടപടികളും ഹൈക്കോടതി ശരിവെച്ചിട്ടുണ്ട്.

വായ്പ നൽകുന്നതിന് സ്ഥല പരിശോധന പോലും നടത്താതെ മുൻ പ്രസിഡന്റ് 4,07,790 രൂപ സ്ഥല പരിശോധന ഫീസ് ആയി കൈപറ്റി, ഇവരുടെ ബിനാമിയുടെ സേവിംഗ്സ് അക്കൗണ്ടിലൂടെ 1.64 കോടി രൂപ പിൻവലിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഉയർന്നിരുന്നത്.

സഹകരണ വകുപ്പിന്റെ ശക്തമായ നടപടികളെ തുടർന്നാണ് സംഭവം വെളിച്ചത്ത് വന്നതും നഷ്ടപ്പെട്ട തുക ഈടാക്കാൻ നടപടി സ്വീകരിച്ചതും.

വായ്പാ തട്ടിപ്പിന് ഇരയായവരുടെ പേരിൽ ഹൈക്കോടതിയിൽ കള്ളക്കേസ് ഫയൽ ചെയ്തതായി ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്.

വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം അന്തിമ ഘട്ടത്തിലാണ്.