മുക്കം: ഓൺലൈൻ പഠനം മധുരതരമാക്കാൻ കുട്ടികൾക്ക് നാടിന്റെ കരുതൽ. വൈദ്യുതിയില്ലാത്ത വീടുകളിൽ വൈദ്യുതിയും ടി.വി ഇല്ലാത്തവർക്ക് ടി.വിയും പഠനോപകരണങ്ങളും നൽകി ഗ്രാമം കുട്ടികൾക്കൊപ്പം നിന്നു. കാരശ്ശേരി പഞ്ചായത്തിലെ നാഗേരികുന്നത്ത് പ്രമോദിന്റെ ഓല കുടിലിൽ വൈദ്യുതിയും ടി.വിയും ഇല്ലാത്തതറിഞ്ഞ് മൂന്നു മക്കളുടെ പഠനം മുടങ്ങാതിരിക്കാൻ ടി.വിയുമായി കോൺഗ്രസ് മുക്കം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം.ടി അഷ്റഫ് വീട്ടിലെത്തി. വൈദ്യുതി എത്തിക്കുന്ന കാര്യം വെൽഫെയർ പാർടിയും ഏറ്റെടുത്തു. കെ.എസ്.ടി.എം മുക്കം ഉപജില്ല കമ്മിറ്റി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മൂന്നു ടി.വി സെറ്റുകളാണ് സി.പി.ഐ കാരശ്ശേരി ലോക്കൽ സെക്രട്ടറി കെ.ഷാജികുമാർ ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ചത്. പ്രധാനാദ്ധ്യാപകൻ തോമസ് മാത്യു ഏറ്റുവാങ്ങി. ആദിവാസി മേഖലയായ തോട്ടക്കാട് പ്രദേശത്ത് ഓൺലൈൻ പഠനത്തിന് സി.പി.ഐ പാർട്ടി ഓഫീസിൽ സൗകര്യമൊരുക്കി. പന്നിക്കോട് എടപ്പറ്റ ശ്രീകാന്തിന്റെ രണ്ടു കുട്ടികളുടെയും പഠനം മുടങ്ങാതിരിക്കാൻ വൈദ്യുതി എത്തിച്ചത് വെൽഫെയർ പാർട്ടിയാണ്. വീട് നിർമ്മിക്കാൻ മുക്കം ജനമൈത്രി പൊലീസും മുന്നോട്ടുവന്നിട്ടുണ്ട്.