വടകര: മറ്റൊരു പോംവഴിയുമില്ലെങ്കിൽ പിന്നെ 'വായുവഴി' തന്നെ ശരണം. വീഡിയോ യോഗങ്ങൾക്കും വെബിനാറുകൾക്കും പഠനക്ളാസുകൾക്കും പിറകെ ഒടുവിൽ പണപ്പയറ്റും ഓൺലൈനിലേക്ക് കടന്നുകഴിഞ്ഞു.
കൊവിഡ് ലോക്ക് ഡൗണിൽ മുടങ്ങിയ കല്ല്യാണച്ചടങ്ങുകൾ പതുക്കെ തിരിച്ചെത്തി തുടങ്ങിയെങ്കിലും നാട്ടിൻപുറങ്ങളിൽ പണപ്പയറ്റ് എന്നറിയപ്പെടുന്ന സഹായക്കുറിയുടെ പ്രശ്നം ബാക്കിയായിരുന്നു. സാധാരണക്കാർക്കിടയിൽ ആശ്വാസത്തിന്റെ കാറ്റായുള്ള സഹായക്കുറി നിലച്ചത് കൊടുക്കൽ വാങ്ങൽ ഇടപാടുകളെയും മരവിപ്പിലാക്കി. ലോക്ക് ഡൗൺ വ്യവസ്ഥകൾക്ക് വലിയ തോതിൽ ഇളവുകൾ വന്നിട്ടും പണപ്പയറ്റിന്റെ കാര്യത്തിൽ പ്രായോഗികപ്രശ്നം നീങ്ങിയില്ല. പൊതുഗതാഗതം സാധാരണ മട്ടിലായില്ലെന്നിരിക്കെ പോക്കുവരവ് സുഗമമല്ലെന്നതു തന്നെ കാര്യം. പണപ്പയറ്റ് പഴയപടിയാവാൻ ചുരുക്കത്തിൽ ഇനിയും എത്രകാലം കാത്തിരിക്കേണ്ടി വരുമെന്ന അനിശ്ചിതത്വത്തിൽ പിന്നെ ബദൽ മാർഗമായുള്ളത് ഓൺലൈൻ പയറ്റ് മാത്രം. ആ വഴിക്കുള്ള ആലോചന ആഴ്ചകൾക്കു മുമ്പ് പല കോണുകളിലും തുടങ്ങിയിരുന്നെങ്കിലും, ഒടുവിൽ ഒരു പക്ഷേ അതിന് തുടക്കമിടുന്നത് കീഴൂരിലായിരിക്കും.
മേയ് 20ന് ലോക്ക് ഡൗൺ പ്രോട്ടോക്കോൾ പ്രകാരം ചെറിയ തോതിൽ നടന്ന ഒരു കല്ല്യാണച്ചടങ്ങുമായി ബന്ധപ്പെട്ട സൽക്കാരം ജൂൺ 19ന് നടക്കുന്നത് ഓൺലൈൻ സഹായക്കുറിയോടും കൂടിയാണ്. ഉച്ചയ്ക്ക് രണ്ടു മണി മുതൽ വീട്ടിൽ ഒരുക്കുന്ന ചായസൽക്കാരത്തിലും സഹായക്കുറിയിലും പങ്കെടുക്കാൻ സ്നേഹപൂർവം ക്ഷണിച്ചുള്ള കത്തിന് താഴെയായി ബാങ്ക് എക്കൗണ്ട് വിവരങ്ങൾ കൂടിയുണ്ട്. അതിങ്ങനെ: വീട്ടിൽ വരാൻ പ്രയാസമുള്ളവർ ...................... ബാങ്ക് ശാഖയിലെ ................. എന്റെ എക്കൗണ്ട് നമ്പറായ .........................................ൽ തരാനുദ്ദേശിക്കുന്ന സംഖ്യ നിക്ഷേപിച്ചാലും മതിയാകും.
കീഴൂരിലേതിന് പിറകെ മറ്റിടങ്ങളിലും ഓൺലൈൻ സഹായക്കുറി വരുന്നുണ്ട്. പണം നിക്ഷേപിക്കാനുള്ള ഓൺ ലൈൻ സാക്ഷരതയിലേക്ക് മെല്ലെ സാധാരണക്കാരും അതോടെ എത്തുകയാണ്.
ഇവിടങ്ങളിൽ
ഇതും ആചാരം
നാട്ടിൻപുറങ്ങളിൽ മിക്കവാറും എല്ലാ വിവാഹങ്ങളോടനുബന്ധിച്ചുമുണ്ട് പണപ്പയറ്റ്. അലിഖിതനിയമം കണക്കെയാണ് പയറ്റിലെ ഇടപാടുകൾക്ക്.
മേശയും കസേരയുമിട്ട് ഒരാളെ എഴുതാൻ ഏർപ്പാടാക്കിയിരിക്കും. അവിടെ നേരിട്ട് സംഖ്യ കൈമാറി എഴുതിക്കുന്നതാണ് ഒരു രീതി. സംഖ്യ സ്വയം കവറിലാക്കി പേരെഴുതി എത്തുന്നവരാർക്കാണെങ്കിൽ അവിടെയുള്ള പ്രത്യേക പെട്ടിയിൽ നിക്ഷേപിക്കാം.
തിരിച്ച് കുറിമാനം കിട്ടുന്ന മുറയ്ക്ക് ആയിരത്തിന് രണ്ടായിരമായി കൊടുക്കുന്നില്ലെങ്കിലും മുതൽസംഖ്യയേക്കാൾ കൂടുതൽ കൊടുക്കുകയെന്നതാണ് നാട്ടുനടപ്പ്. നിശ്ചിത ദിവസത്തിന് ശേഷം മൂന്നുനാൾ കഴിഞ്ഞും സംഖ്യ എത്തിയില്ലെങ്കിൽ കക്ഷി ഇയാളുടെ വീട്ടിൽ അയൽവാസികളെയും കൂട്ടി എത്തുന്നതാണ് ആദ്യവാണിംഗ്. അവധിപറഞ്ഞ ദിവസവും തിരിച്ചുകൊടുത്തില്ലെങ്കിൽ പിന്നെ സംസാരം നാട്ടുകൂട്ടത്തിലായിരിക്കും. അതോടെ വാക്ക് പാലിക്കാത്തയാൾ സമൂഹത്തിൽ ഒറ്റപ്പെടുന്ന സ്ഥിതിയുമാവും.