കോഴിക്കോട്: പ്രധാന ശസ്ത്രക്രിയകൾക്കു മുമ്പ് കൊവിഡ് പരിശോധന (പി.സി.ആർ ടെസ്റ്റ്) അനിവാര്യമാണെന്നിരിക്കെ സ്വകാര്യ ആശുപത്രികളിലെ രോഗികൾക്ക് അതിനുള്ള സൗകര്യം ഉറപ്പാക്കണമെന്ന് ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷനേഴ്സ് അസോസിയേഷൻ ഭാരവാഹികൾ സർക്കാരിനോട് ആവശ്യപ്പെട്ടു.
സർക്കാർ ആശുപത്രികളും സർക്കാർ ലാബുകളും സ്വകാര്യ ആശുപത്രികളിലെ രോഗികളെ പരിശോധിക്കാൻ വിസമ്മതിക്കുകയാണ്. ടെസ്റ്റ് ചെയ്യുന്നതിന് അംഗീകൃത സ്വകാര്യ ലാബുകൾ ഏറെയില്ല. കെ.എ.എസ്.പി, ആയുഷ്‌മാൻ ഭാരത് ഇൻഷൂറൻസ് പാക്കേജുകളിൽ 4500 രൂപ വരുന്ന കൊവിഡ് ടെസ്റ്റ് ഉൾപ്പെടുത്താതിനാൽ ഇടത്തരം വരുമാനക്കാർക്ക് ചാർജ് താങ്ങാനാവാത്ത പ്രശ്നമുണ്ടെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.
ഇൗ സാഹചര്യത്തിൽ കൊവിഡ് ടെസ്റ്റ് സൗജന്യമായി ചെയ്യാൻ സർക്കാർ ലാബുകൾക്കോ സർക്കാർ ഹോസ്പിറ്റലുകൾക്കോ നിർദ്ദേശം നൽകണം. എല്ലാ ഇൻഷൂറൻസ് പാക്കേജുകളിലും ശസ്ത്രക്രിയകൾക്ക് മുമ്പ് കൊവിഡ് ടെസ്റ്റ് ഉൾപ്പെടുത്തുന്നതിന് അടിയന്തരനിർദ്ദേശം നൽകുകയും വേണം. അതല്ലെങ്കിൽ ശസ്ത്രക്രിയകൾ മാറ്റിവെക്കാനോ, സർക്കാർ ആശുപത്രികളിലേക്ക് റഫർ ചെയ്യാനോ സ്വകാര്യ ആശുപത്രികൾ നിർബന്ധിതമാവുമെന്ന് അസോസിയേഷൻ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും സമർപ്പിച്ച നിവേദനത്തിൽ വ്യക്തമാക്കി.