കോഴിക്കോട് : ഓൺലൈൻ ക്ലാസുകളുടെ ട്രയലിന് പിറകെ രണ്ടാംഘട്ടത്തിന് ഇന്നലെ തുടക്കം കുറിച്ചതോടെ ജില്ലയിൽ പൊതു പഠനകേന്ദ്രങ്ങളും ഉണർന്നു. 674 പഠനകേന്ദ്രങ്ങളിലായി 4407 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ഗ്രന്ഥാലയങ്ങളും അങ്കണവാടികളും സാംസ്‌കാരിക നിലയങ്ങളും ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബുകളുമാണ് പൊതുപഠനകേന്ദ്രങ്ങളായിട്ടുള്ളത്. ഇവയ്ക്ക് പുറമെ ബി.ആർ.സി ഹാളുകൾ, ക്ലസ്റ്റർ കേന്ദ്രങ്ങൾ, പ്രതിഭാകേന്ദ്രങ്ങൾ, ശിശുമന്ദിരങ്ങൾ, വയോജന കേന്ദ്രങ്ങൾ, അക്ഷയ കേന്ദ്രങ്ങൾ, ഗ്രാമസേവാകേന്ദ്രങ്ങൾ, പകൽവീടുകൾ, ഓട്ടിസം സെന്ററുകൾ, ബഡ്‌സ് സ്‌കൂളുകൾ, പെയ്ൻ ആൻഡ് പാലിയേറ്റീവ് സെന്ററുകൾ, വിജ്ഞാൻവാടികൾ, വിവിധ ഓഡിറ്റോറിയങ്ങൾ എന്നിവിടങ്ങളിലായി 130 സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്. വിവിധ മേഖലകളിലെ സംഭാവനകൾ വഴി 3093 വിദ്യാർത്ഥികൾക്ക് വീട്ടിൽ നിന്ന് തന്നെ പഠിക്കാനുള്ള ഓൺലൈൻ സൗകര്യം ഏർപ്പെടുത്തിയിട്ടുമുണ്ട്.

ബി.ആർ.സി യുടെ നേതൃത്വത്തിൽ ഓരോ സ്‌കൂളുമായി ബന്ധപ്പെട്ട് കുട്ടികളെ വിളിച്ച് സൗകര്യങ്ങൾ അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് പഠനകേന്ദ്രങ്ങൾ ഒരുക്കിയിട്ടുള്ളത്.

പഠനകേന്ദ്രങ്ങൾ ഇവിടെ

1. ഗ്രന്ഥാലയങ്ങൾ 233

2. അങ്കണവാടികൾ 182

3. സാംസ്‌കാരിക നിലയങ്ങൾ 88

4. ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബുകൾ 41

5. മറ്റു കേന്ദ്രങ്ങൾ 130

പൊതുസമൂഹം ഏറ്റെടുത്തു:

മന്ത്രി ടി.പി.രാമകൃഷ്ണൻ

കൊവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച ഓൺലൈൻ ക്ലാസ് പൊതുസമൂഹം ഒന്നടങ്കം ഏറ്റെടുത്തതായി മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു.

ഓൺലൈൻ ക്ലാസുകളുടെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
സൗകര്യങ്ങളുടെ കുറവ് മൂലം ഒരു വിദ്യാർത്ഥിക്ക് പോലും ഓൺലൈൻ ക്ലാസ് ലഭിക്കാതെ പോവരുത്. ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അവരുടെ വീടുകളിലോ പൊതുപഠന കേന്ദ്രങ്ങളിലോ പഠനസൗകര്യം ഉറപ്പുവരുത്തും.

എ പ്രദീപ്കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ മാരായ ഡോ.എം.കെ മുനീർ, സി.കെ നാണു, പുരുഷൻ കടലുണ്ടി, പി.ടി.എ റഹീം, മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടർ സാംബശിവ റാവു, എസ്.ഇ.ആർ.ടി ഡയരക്ടർ ഡോ.ജെ പ്രസാദ്, മുക്കം മുഹമ്മദ്, എം. രാധാകൃഷ്ണ മാസ്റ്റർ, ബി.മധു, ഷെൽവ മണി, സുരേഷ് കുമാർ, കെ.വി പത്മനാഭൻ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സമഗ്ര ശിക്ഷ ജില്ലാ പ്രൊജക്ട് കോഡിനേറ്റർ ഡോ. എ.കെ അബ്ദുൽ ഹക്കിം റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ ഉപഡയരക്ടർ വി.പി മിനി സ്വാഗതവും ഹയർസെക്കൻഡറി മേഖല ഉപഡയരക്ടർ കെ. ഗോകുലകൃഷ്ണൻ നന്ദിയും പറഞ്ഞു.